സ്വന്തം ലേഖകന്‍: ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിന് എതിരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ ചുംബന സമരം. ഒന്നിച്ചിരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിട്ടുള്ള പ്രതിഷേധമാണ് മറൈന്‍ ഡ്രൈവില്‍ കലാപ്രകടനങ്ങള്‍ക്കും മറ്റു പ്രതിഷേധങ്ങള്‍ക്കും വേദിയായത്. സമൂഹ മാധ്യമങ്ങളിലെ കിസ് ഓഫ് ലവിന്റെ പേജിലൂടെ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധത്തിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പേരാണ് എത്തിയത്.
ശിവസേനയുടെ സദാചാര പോലീസിംഗിനെതിരെയുള്ള പ്രതിഷേധം സമരത്തില്‍ ഇരമ്പിയപ്പോള്‍ സംഭവത്തില്‍ കാഴ്ചക്കാരായി നിന്ന പോലീസുകാര്‍ക്കെതിരെയും മുദ്രാവാക്യങ്ങള്‍ അലയടിച്ചു. കിസ് ഓഫ് ലവിനെ കൂടാതെ എസ്.എഫ്.ഐ, ഡിവൈഎഫ്‌ഐ സംഘടനകള്‍ ആഹ്വാനം ചെയ്ത ‘സ്‌നേഹ ഇരിപ്പു സമര’വും കെ.എസ്.യു പ്രവര്‍ത്തകരുടെ ‘സദാചാര ചൂരല്‍ സമര’വും പ്രതിഷേധത്തിന്റെ ഭാഗമായി നടന്നു. കമ്മിഷണറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും മറൈന്‍ ഡ്രൈവില്‍ എത്തിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു മറൈന്‍ ഡ്രൈവിലെ ഇരിപ്പിടത്തില്‍ കുടയ്ക്കുള്ളില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കള്‍ക്കു നേരെ ശിവസേന പ്രവര്‍ത്തകര്‍ ചൂരല്‍വടി പ്രയോഗം നടത്തിയത്. ബാനറുകളും മുദ്രാവാക്യങ്ങളുമായെത്തിയ പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കളെ ‘പോടാ… പോടീ…’ എന്ന് വിളിച്ചുകൊണ്ട് ചൂരല്‍ കാട്ടി വിരട്ടി ഓടിക്കുകയായിരുന്നു.സദാചാര ഗുണ്ടകളുടെ ഈ പ്രകടനം തടയാതെ പോലീസ് കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
സദാചാര ഗുണ്ടായിസം കാണിച്ച ശിവസേന പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തതായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മകനും യുവസേനാ തലവനുമായ ആദിത്യ താക്കറെ ? അറിയിച്ചു. സംഭവത്തില്‍ ആറ് ശിവസേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിവസേന ജില്ലാപ്രസിഡന്റ് പിആര്‍ ദേവന്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ആക്രമം തടയുന്നതില്‍ പരാജയപ്പെട്ട പോലീസുകാര്‍ക്കെതിരേയും നടപടിയുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല