സ്വന്തം ലേഖകന്‍: സാധാരണക്കാരുടെ വയറ്റത്തടിക്കാതെ തെരേസാ മേയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്, കുറഞ്ഞ ശമ്പളം 7.50 പൗണ്ടാക്കി ഉയര്‍ത്തി, 11,500 പൗണ്ട് വരെയുള്ള വ്യക്തിഗത അലവന്‍സിന് നികുതിയില്ല. കഴിഞ്ഞ ദിവസം ഫിലിപ്പ് ഹാമണ്ട് തെരേസാ മേയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഏറെ ജനോപകാരപ്രദമായ പദ്ധതികള്‍ അവതരിപ്പിച്ചതിലൂടെ സാധാരണക്കാരന്റെ വയറ്റത്തടിക്കാത്ത ഒന്നാണ് എന്നാണ് പൊതുവെ വിലയിരുത്തല്‍. ഇതില്‍ പ്രധാനം അടുത്ത വര്‍ഷം മുതല്‍ നികുതി രഹിത പഴ്‌സണല്‍ അലവന്‍സ് പരിധി 11,000ത്തില്‍ നിന്നും 11,500 പൗണ്ടാക്കി ഉയര്‍ത്തിയതാണ്.
ഏതാണ്ട് 31 ലക്ഷത്തോളം ആളുകള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഇതിനു പുറമെ 2017 മുതല്‍ 45,000 പൗണ്ട് വരെ വരുമാനമുള്ളവര്‍ 40 ശതമാനം മാത്രം നികുതി നല്‍കിയാല്‍ മതിയെന്ന നയവും ഇടത്തരക്കാര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും ആശ്വാസമാകും. ആരോഗ്യ വിദ്യാഭ്യാസ രംഗത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ബജറ്റില്‍ രാജ്യത്തെ നാഷണല്‍ മിനിമം വേജ് (കുറഞ്ഞ ശമ്പളം) നാലു ശതമാനം വര്‍ധിപ്പിച്ച് 7.50 പൗണ്ടാക്കി. നിലവില്‍ ഇത് 7.20 പൗണ്ടായിരുന്നു. ഒരു ബില്യന്‍ പൗണ്ടിന്റെ പദ്ധതിയാണ് സാമൂഹ്യ സേവന മേഖലയ്ക്കായി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നാലുവര്‍ഷംകൊണ്ട് രാജ്യത്തു പുതുതായി ആറര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ തെരേസ മേ സര്‍ക്കാര്‍ ബജറ്റില്‍ വിഭാവനം ചെയ്യുന്നു. ബ്രെക്‌സിറ്റിനു ശേഷമുണ്ടാകാന്‍ സാധ്യതയുള്ള പ്രത്യേക സാമ്പത്തിക പ്രത്യാഘാതങ്ങളെ അതിജീവിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ മുന്നോട്ടു നയിക്കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റില്‍ ലണ്ടന്‍ ഉള്‍പ്പെടെ രാജ്യത്തെ ആറ് വന്‍നഗരങ്ങള്‍ക്ക് കൂടതല്‍ സാമ്പത്തിക സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും വാഗ്ദാനം ചെയ്യുന്നു.
സ്വയംതൊഴിലുകാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് ടാക്‌സ് നിലവിലുള്ള ഒന്‍പത് ശതമാനത്തില്‍നിന്നും പത്തായി വര്‍ധിപ്പിച്ചത് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാകും. സ്വന്തം പേരില്‍ കമ്പനി റജിസ്റ്റര്‍ ചെയ്ത് നികുതിയിനത്തില്‍ നല്ലൊരു തുക ലാഭിച്ചിരുന്നവര്‍ക്കെല്ലാം പ്രതിവര്‍ഷം 250 മുതല്‍ 500 പൗണ്ട് വരെ അധികം നികുതി നല്‍കേണ്ടവിധമാണ് സ്വയം തൊഴിലുകാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതത്തില്‍ അടുത്തവര്‍ഷം മുതല്‍ സര്‍ക്കാര്‍ ഒരു ശതമാനം വര്‍ധന പ്രഖ്യാപിച്ചത്. 2018 മുതല്‍ ഇതു പ്രാബല്യത്തിലാകും. 2019ല്‍ ഇതു 11 ശതമാനമായും ഉയരും.
സാധാരണ ജോലിക്കാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് ടാക്‌സ് ഇപ്പോള്‍ 43,000 പൗണ്ട് വരെ 12 ശതമാനമാണ്. ഈ അന്തരം ഒഴിവാക്കാനാണ് സ്വന്തമായി ജോലിചെയ്യുന്നവരുടെ ടാക്‌സ് വര്‍ധിപ്പിച്ചത്. 40 ശതമാനം നികുതി അടക്കേണ്ടുന്ന പരിധി 45,000 പൗണ്ടിലേക്ക് ഉയര്‍ത്തിയതിന്റെ ഫലമായി 585,000 തൊഴിലാളികളാണ് 40 ശതമാനം ടാക്‌സ് ബ്രാക്കറ്റില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം സര്‍ക്കാരിന്റെ പുതിയ നികുതി നിര്‍ദേശത്തിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല