സ്വന്തം ലേഖകന്‍: ഇന്ത്യയുടെ കാണാതായ ചന്ദ്രയാന്‍ 1 പേടകം നാസ കണ്ടെത്തി, പേടകം ഇപ്പോഴും ചന്ദ്രനെ വലംവക്കുന്നതായി വെളിപ്പെടുത്തല്‍. 2008 ല്‍ വിക്ഷേപിച്ച ‘ചന്ദ്രയാന്‍1’ ബഹിരാകാശവാഹനം ഇപ്പോഴും സജീവമാണെന്ന് നാസ വൃത്തങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിക്ഷേപിച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇസ്രോയ്ക്ക് ചന്ദ്രയാന്‍1മായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.
ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ വാഹനമായ ചന്ദ്രയാന്‍1 ഇപ്പോഴും ചന്ദ്രനെ വലംവെയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2008 ഒക്‌ടോബര്‍ 22 നാണ് ഇസ്രോ ചന്ദ്രയാന്‍1 വിക്ഷേപിച്ചത്. ഒരു വര്‍ഷം പിന്നിട്ട് 2009 ആഗസ്റ്റ് 29 ന് ചന്ദ്രയാനുമുള്ള ബന്ധം ഇസ്രോയ്ക്ക് നഷ്ടമാകുകയായിരുന്നു. നാസയുടെ എല്‍.ആര്‍.ഒ സാറ്റ്‌ലെറ്റും ഇസ്രോയുടെ ചന്ദ്രയാനും കണ്ടെത്തിയതായുള്ള വാര്‍ത്ത നാസ വ്യക്തമാക്കി.
ഇന്റര്‍പ്ലാനറ്ററി റഡാര്‍ ( Interplanetary Radar ) വഴിയാണ് നാസ ചന്ദ്രയാന്‍ 1 കണ്ടെത്തിയത്. ചന്ദ്രയാന്‍ ഒന്ന് പേടകം ഇപ്പോഴും ചന്ദ്രോപരിതലത്തിന് 200 കിലോമീറ്റര്‍ മുകളിലായി ചന്ദ്രനെ ചുറ്റുകയാണെന്നാണ് നാസ കണ്ടെത്തിയിരിക്കുന്നത്. ലൊക്കേഷനെ കുറിച്ച് കൃത്യമായ വിവരമുള്ളതിനാല്‍ എല്‍ആര്‍ഒ കണ്ടെത്തുക താരതമ്യേന എളുപ്പമായിരുന്നെന്നും എന്നാല്‍ 2009ല്‍ ബന്ധം നഷ്ടപ്പെട്ട ചന്ദ്രയാന്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയെന്നും നാസ പത്രക്കുറിപ്പില്‍ പറയുന്നു.
നാസയുടെ ഏറ്റവും പുതിയ ഇന്റര്‍പ്ലാനറ്ററി റഡാറിന്റെ പുതിയ ആപ്ലിക്കേഷനാണ് ചന്ദ്രയാനെ കണ്ടെത്തിയത്. ഭാവിയിലെ ചാന്ദ്ര പര്യവേക്ഷണങ്ങള്‍ക്ക് ഈ സാങ്കേതികവിദ്യ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചരിത്രത്തിലെ ഏറ്റവും വിജയകരമായ ചാന്ദ്രദൗത്യങ്ങളില്‍ ഒന്നായിരുന്നു ചന്ദ്രയാന്‍1. ചന്ദ്രനിലെ ജലസാന്നിധ്യം വ്യക്തമായി തെളിയിച്ചത് ചന്ദ്രയാന്‍ 1 നടത്തിയ നിരീക്ഷണത്തിലാണ്. ചന്ദ്രയാന്‍ രണ്ട് ( Chandrayaan 2) ദൗത്യത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ ഇപ്പോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല