സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും പിടിച്ച് ബിജെപിയുടെ പടയോട്ടം, മോഡി പ്രഭാവത്തില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തരംഗം. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം ഉറപ്പിച്ചു. യു.പിയില്‍ 324 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി അധികാരം നേടിയത്. കോണ്‍ഗ്രസ്‌സമാജ്‌വാദി പാര്‍ട്ടി സഖ്യം തകര്‍ന്നടിഞ്ഞു. എസ്.പികോണ്‍ഗ്രസ് സഖ്യം 55 സീറ്റിലൊതുങ്ങി. ബി.എസ്.പി 80 സീറ്റില്‍ നിന്ന് 19 സീറ്റിലേക്ക് ഒതുങ്ങി. മറ്റുള്ളവര്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചു. മോഡിഅമിത് ഷാ അച്ചുതണ്ടിന്റെ വിജയമായാണ് യു.പി തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്.
ഉത്തരാഖണ്ഡലും ശക്തമായ മുന്നേറ്റം നടത്തിയ ബി.ജെ.പി 70 അംഗ നിയമസഭയില്‍ 57 സീറ്റ് നേടി. കോണ്‍ഗ്രസ് ഇവിടെ 11 സീറ്റില്‍ ഒതുക്കപ്പെട്ടു. ബാക്കിയുള്ള രണ്ടു സീറ്റുകള്‍ മറ്റുള്ളവര്‍ നേടി. മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്ത് മത്സരിച്ച രണ്ട് സീറ്റുകളിലും പരാജയപ്പെട്ടു. പഞ്ചാബില്‍ 10 വര്‍ഷമായി ഭരണത്തിലായിരുന്ന ശിരോമണി അകാലിദള്‍ബിജെപി സഖ്യം മൂന്നാം സ്ഥാനത്തായി. 77 സീറ്റുമായി കോണ്‍ഗ്രസ് ഇവിടെ ഭരണത്തില്‍ തിരിച്ചെത്തിയപ്പോള്‍ ആംആദ്മി പാര്‍ടി മുഖ്യ പ്രതിപക്ഷമായി. ബി.ജെ.പിശിരോമണി അകാലിദള്‍ സഖ്യം 18 സീറ്റിലൊതുങ്ങി.
അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്ന ഗോവയിലും മണിപ്പൂരിലും തുക്കു മന്ത്രിസഭക്കാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. 40 അംഗ ഗോവ നിയമസഭയില്‍ 16 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 14 സീറ്റുകളുമായി ബി.ജെ.പി ഇവിടെ രണ്ടാം സ്ഥാനത്താണ്. ഗോവ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പര്‍സേക്കറിന്റെ പരാജയം ബി.ജെ.പിക്ക് പ്രഹരമായി. പത്ത് സീറ്റ് നേടിയ പ്രാദേശിക കക്ഷികളുടെയും സ്വതന്ത്രരുടെയും നിലപാട് ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണ്ണായകമാകും.
മണിപ്പൂരിലും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. 28 സീറ്റുകളുമായി കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 2012ല്‍ 42 സീറ്റുകളാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും വിജയിക്കാതിരുന്ന ബി.ജെ.പി ഇത്തവണ 21 സീറ്റുകള്‍ നേടി. പതിനൊന്ന് സീറ്റുകളാണ് മറ്റ് കക്ഷികള്‍ നേടിയിരിക്കുന്നത്. മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരണത്തിന് ചെറുകക്ഷികളുടെ നിലപാട് നിര്‍ണ്ണായകമാണ്. വെറും 90 വോട്ടുകള്‍ നേടി നോട്ടയ്ക്കും പിന്നിലായിപ്പോയ നിരാഹാര സമര നായിക ഇറോം ശര്‍മ്മിളയുടെ പരാജയവും ശ്രദ്ധേയമായി.
2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ ഇലക്ഷന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പില്‍ അലയടിച്ചത് ഭരണ വിരുദ്ധ വികാരമാണെന്നാണ് സൂചന. പാര്‍ട്ടി നേടിയ വിജയത്തില്‍ അമിത് ഷായെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഗോവയിലും മണിപ്പുരിലും അടക്കം നാലു സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രസ്താവിച്ചു. അതേസമയം, ഉത്തര്‍പ്രദേശില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടന്നതായി ബിഎസ്പി അധ്യക്ഷ മായാവതി ആരോപിച്ചു. തെരഞ്ഞെടുപ്പ്‌തോല്‍വിയെ തുടര്‍ന്ന് അഖിലേഷ് യാദവ് യുപി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല