1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2017

 

സ്വന്തം ലേഖകന്‍: ദുരൂഹ സാഹചര്യത്തില്‍ സി.എ. വിദ്യാര്‍ഥിനി മരണപ്പെട്ട സംഭവം, സമൂഹ മാധ്യമങ്ങളില്‍ ‘ജസ്റ്റിസ് ഫോര്‍ മിഷേല്‍’ കാമ്പയില്‍ സജീവമാകുന്നു.കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിയായിരുന്ന ഇലഞ്ഞി സ്വദേശിയായ മിഷേലിന്റെ മൃതദേഹം മാര്‍ച്ച് ആറിന് കൊച്ചി വാര്‍ഫിലാണ് കണ്ടെത്തുന്നത്. മാര്‍ച്ച് അഞ്ചിന് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്ക് പുറപ്പെട്ട മിഷേലിനെ പിന്നീട് കാണാതാകുകയായിരുന്നു.

ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസെത്തിയത്. മകളുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഷാജി വര്‍ഗീസ് രംഗത്തു വന്നതോടെയാണ് സമൂഹ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തത്. മിഷേല്‍ കലൂര്‍ പള്ളിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ പിന്തുടരുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന സമയം ബൈക്കിലെത്തിയ യുവാക്കളെ കണ്ട് മിഷേല്‍ വെപ്രാളപ്പെട്ട് കലൂര്‍ ഭാഗത്തേക്ക് ആദ്യം ഇറങ്ങുകയും പിന്നീട് ദേശാഭിമാനി ജങ്ഷനിലേക്ക് നടക്കുന്നതിന്റേയും ദൃശ്യങ്ങളാണ് ലഭിച്ചത്. ബൈക്കിലെത്തിയ യുവാക്കളെ കണ്ടിട്ടാവും മിഷേല്‍ പേടിയോടെ തിരിഞ്ഞു നോക്കികൊണ്ട് മറ്റൊരുദിശയിലേക്ക് നടന്നതെന്ന് പിതാവ് ഷാജി പറഞ്ഞു.

മിഷേഷിന്റെ മരണത്തിലെ ദുരൂഹത നീക്കുന്നതതില്‍ പോലീസ് പരാജയപ്പെട്ടതായി പലരും സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ചിലര്‍ മിഷേലിന്റെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കുമ്പോള്‍ ചിലര്‍ ഹാഷ് ടാഗിങ്ങിലൂടെയാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. മിഷേലിന്റെ നീതിക്കു വേണ്ടി നിവിന്‍ പോളിയും ടോവിനോ തോമസും കുഞ്ചാക്കോ ബോബനും ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി.

മിഷേലിന്റെ മരണം ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് തകര്‍ത്തതെന്നും നീതിക്കായുള്ള വീട്ടുകാരുടെ പോരാട്ടത്തിനൊപ്പം നില്‍ക്കുന്നു എന്നും നിവിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഞെട്ടിക്കുന്ന വാര്‍ത്തയാണ് കുട്ടിയുടെ മരണമെന്നും ഇതൊക്ക ‘ആര്‍ക്കോ’ സംഭവിക്കുന്ന കാര്യമല്ലേ എന്നോര്‍ത്ത് സമാധാനിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ നമ്മളും മറ്റുള്ളവര്‍ക്ക് ‘ആരോ’ ആണ് എന്നുമായിരുന്നു ടൊവിനോയുടെ പ്രതികരണം. അവളും നമ്മുടെ പെങ്ങന്മാരില്‍ ഒരാളാണ്. ആ കുടുംബത്തിനൊപ്പം നീതിക്കായുള്ള പോരാട്ടത്തില്‍ നമുക്കും അണിചേരാമെന്ന് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലെഴുതിയ കുറിപ്പില്‍ കുഞ്ചാക്കോ പറയുന്നു.

മൃതദേഹത്തില്‍ ആക്രമിക്കപ്പെട്ടതിന്റെ പാടുകള്‍ ഒന്നും ഇല്ലാത്തതാണ് ആത്മഹത്യ എന്ന നിഗമനത്തില്‍ പൊലീസ് എത്താന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോറന്‍സിക് പരിശോധന ഫലം വന്നതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.