സ്വന്തം ലേഖകന്‍: സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ കഴിഞ്ഞ വര്‍ഷം പൊലിഞ്ഞത് 652 കുരുന്നുകളുടെ ജീവന്, യുണിസെഫിന്റെ കണക്കുകള്‍ പുറത്ത്. 2015നെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം 20 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്നും യൂണീസെഫ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വിവിധ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. യഥാര്‍ഥ കണക്കുകള്‍ ഇതിലും അധികമായിരിക്കുമെന്ന് യുണിസെഫ് പറയുന്നു. 652 കുട്ടികളില്‍ പകുതിയില്‍ അധികംപേരും സ്കൂളുകള്‍ക്കു സമീപമാണ് കൊല്ലപ്പെട്ടത്. സൈന്യത്തിനെതിരേ ആക്രമണം നടത്താന്‍ ചാവേറുകളായി ഭീകരര്‍ കുട്ടികളെ ഉപയോഗിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
സുരക്ഷാ സേനയുടെ ശ്രദ്ധ തിരിക്കാനും കണ്ണുവെട്ടിക്കാനുമാണ് ഭീകരര്‍ കുട്ടികളെ ഉപയോഗിക്കുന്നത്. 2012ല്‍ ആഭ്യന്തര സംഘര്‍ഷം ആരംഭിച്ചശേഷം 60 ലക്ഷത്തിനടുത്ത് കുട്ടികള്‍ രക്ഷാപ്രവര്‍ത്തകരുടെ സഹായം തേടിയതായും യുണിസെഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം 850 കുട്ടികളെ ഐഎസ് ചാവേറുകളായി റിക്രൂട്ട് ചെയ്തെന്നും യുണിസെഫ് വെളിപ്പെടുത്തുന്നു.
2016 സിറിയന്‍ കുട്ടികളുടെ ഏറ്റവും മോശപ്പെട്ട വര്‍ഷമാണെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ആറു വര്‍ഷത്തിലേറെയായി തുടരുന്ന ആരോഗ്യത്തെയും സ്വസ്ഥതയെയും ഭാവിയെയും ബാധിക്കുന്ന യുദ്ധം കുട്ടികളെ ‘ടോക്സിക് സ്ട്രെസ്സ്’ എന്ന അവസ്ഥയില്‍ എത്തിച്ചതായും പറയുന്നു. സിറിയയിലെ മൂന്നിലൊന്നു ഭാഗം കുട്ടികളും പ്രിയപ്പെട്ട ആരെയെങ്കിലും നഷ്ടപ്പെട്ടവരോ, വീട് ബോംബിങ്ങിലോ ഷെല്ലിങ്ങിലോ തകര്‍ന്നവരോ, പരിക്കേറ്റവരോ ആയിരിക്കും എന്നും യൂണിസെഫിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല