സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബ്രിട്ടന്റെ നന്മക്ക്, വരാനിരിക്കുന്നത് നല്ല നാളുകളെന്ന് ഹൗസ് ഓഫ് കോമന്‍സില്‍ തെരേസാ മേയ്, രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല ഇതെന്ന് സ്‌കോട്‌ലന്‍ഡിന് മുന്നറിയിപ്പ്. ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ക്കായുള്ള ആര്‍ട്ടിക്കിള്‍ 50 നടപ്പാക്കാനുള്ള ബ്രെക്‌സിറ്റ് ബില്‍ പാസായത് അഭിമാന മുഹൂര്‍ത്തമാണെന്ന് പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ബ്രിട്ടന്റെ ആകെ നന്മയ്ക്ക് ബ്രെക്‌സിറ്റ് വഴി തെളിക്കുമെന്നും അതിര്‍ത്തികള്‍ക്കും നിയമങ്ങള്‍ക്കും മേല്‍ ബ്രിട്ടന് സ്വതന്ത്രാധികാരം ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി.
ഹൗസ് ഓഫ് കോമണ്‍സില്‍ എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു തെരേസാ മേയ്. ആറുമാസ കാലാവധി നിശ്ചയിച്ചുകൊണ്ടാണ് ബ്രെക്‌സിറ്റിലേക്കു നീങ്ങുന്നതെന്നും തെരേസ മേ എംപിമാരെ അറിയിച്ചു. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ചയാണ് ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്.
അതിനിടെ ഹിതപരിശോധനാ ആവശ്യവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്ന സ്‌കോട്ടിഷ് സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കാനും പ്രധാനമന്ത്രി മറന്നില്ല. രാഷ്ട്രീയം കളിച്ച് അനിശ്ചിതത്വം സൃഷ്ടിക്കാനുള്ള സമയമല്ല ഇതെന്നും എല്ലാവരും ഒരുമിച്ചുനിന്ന് രാജ്യത്തെ മുന്നോട്ടു നയിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി തെരേസ മേയ് ആഹ്വാനം ചെയ്തു. രാജ്യത്തെ ജനങ്ങളുടെ ആഗ്രഹമനുസരിച്ച് പുതിയൊരു ബ്രിട്ടണ്‍ കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ ചെയ്യേണ്ടത്. ഇതിനായി സ്‌കോട്ട്‌ലന്‍ഡിലെ പ്രാദേശിക ഭരണകൂടവുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും തെരേസ മേയ് വ്യക്തമാക്കി.
അതേസമയം സ്വതന്ത്ര സ്‌കോട്ട്‌ലന്‍ഡിനായുള്ള രണ്ടാം ഹിതപരിശോധനയുടെ പദ്ധതികള്‍ സ്‌കോട്ട്‌ലന്‍ഡില്‍തന്നെ തയാറാക്കുമെന്ന ഉറച്ചനിലപാടുമായി സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടി നേതാവും സ്‌കോട്ട്‌ലന്‍ഡിലെ ഫസ്റ്റ് മിനിസ്റ്ററുമായ നിക്കോളാസ് സ്റ്റര്‍ജന്‍ രംഗത്തെത്തി. ഹിതപരിശോധനയുടെ വിശദാംശങ്ങള്‍ സ്‌കോട്ടീഷ് പ്രാദേശിക ഭരണകൂടംതന്നെ തയാറാക്കണമെന്ന നിര്‍ദേശം മന്ത്രിസഭായോഗം അംഗീകരിച്ചതായി അവര്‍ വ്യക്തമാക്കി. ബ്രെക്‌സിറ്റ് നടപടികള്‍ വിലപേശലിനുള്ള അവസരമായി ഉപയോഗിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് സ്‌കോട്ട്‌ലന്‍ഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല