1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2017

 

സ്വന്തം ലേഖകന്‍: ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് സാധ്യത തെളിയുന്നു. വണ്ടിച്ചെക്ക് കേസില്‍ 18 മാസമായി ദുബായ് ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. അറ്റ്‌ലസ് സ്ഥാപനങ്ങളുടെ പേരില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് കേസ് നല്‍കിയ ഭൂരിപക്ഷം ബാങ്കുകളും ഒത്തുതീര്‍പ്പിന് തയ്യാറായതോടെയാണ് 75 കാരനായ രാമചന്ദ്രന്റെ മോചനത്തിന് വഴിതെളിയുന്നത്.

2015 ഓഗസ്റ്റ് 23 നാണ് അറ്റ്‌ലസ് രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റുചെയ്തത്. ദുബായിലെ റിഫ, നായിഫ്, ബര്‍ദുബായ് എന്നീ സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പതിനഞ്ചോളം ബാങ്കുകളില്‍ നിന്നായി 550 ദശലക്ഷം ദിര്‍ഹം (1000 കോടിയോളം രൂപ) ആണ് അറ്റ്‌ലസ് ഗ്രൂപ്പ് വായ്പ എടുത്തിരിക്കുന്നത്. അഞ്ചുകോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട ആറുകേസുകളാണ് ദുബായില്‍ ഉള്ളത്.

മോചനം വേഗത്തിലാക്കണമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ കുടുംബം മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിട്ടുണ്ട്. ഇനി രണ്ടു ബാങ്കുകള്‍ കൂടി സഹകരിച്ചാല്‍ മോചനം വേഗം സാധ്യമാകും. ഇതിന് കടങ്ങള്‍ വീട്ടാനുള്ള സമയം അനുവദിക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നു ആവശ്യപ്പെട്ട് രാമചന്ദ്രന്റെ ബന്ധുക്കള്‍ സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കി.വിഷയത്തില്‍ സര്‍ക്കാരും നോര്‍ക്കയും ഇടപെടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

ഒമാനിലെ അറ്റ്‌ലസിന്റെ രണ്ടു ആശുപത്രികള്‍ വിറ്റു ലഭിക്കുന്ന തുകയില്‍ നിന്ന് ആദ്യഗഡു നല്‍കി ബാങ്കുകളുമായി ഒത്തുതീര്‍പ്പിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രമുഖ വ്യവസായ ആശുപത്രികള്‍ വാങ്ങാന്‍ തയ്യാറായി മുന്നോട്ടു വന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാമചന്ദ്രന് പുറത്തിറങ്ങാന്‍ കഴിഞ്ഞാല്‍ കടങ്ങള്‍ വീട്ടാനാകുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ബാങ്കുകള്‍ ഒത്തുതീര്‍പ്പിനു തയ്യാറായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.