സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ 14 മാസത്തെ അടിയന്തരാവസ്ഥയ്ക്ക് അവസാനമാകുന്നു, ഭീകരാക്രമണ ഭീഷണി കുറഞ്ഞെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സര്‍ക്കാര്‍. 2015 നവംബര്‍ 13 ന് നടന്ന തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതു സംബന്ധിച്ചുള്ള നടപടികള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ഭരണകൂട വൃത്തങ്ങള്‍ വ്യക്തമാക്കി.
നീതിന്യായവകുപ്പ് മന്ത്രി ജീന്‍ ജാക്വസ് ഉര്‍വോസാണ് ഇക്കാര്യത്തെക്കുറിച്ച് സൂചന നല്‍കിയത്. പാരീസിലും സമീപ പ്രദേശങ്ങളിലും നടന്ന ആക്രമണങ്ങളില്‍ ഏഴ് ഭീകരവാദികളുള്‍പ്പെടെ 137 പേര്‍ കൊല്ലപ്പെടുകയും 368 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ 100ലേറെപ്പേരുടെ പരിക്ക് ഗുരുതരമായിരുന്നു.
ഭീകരാക്രമണ ഭീഷണി ശക്തമായ സാഹചര്യത്തില്‍ ഒന്നിലേറെ തവണ രാജ്യത്ത് അടിയന്തരാവസ്ഥയുടെ കാലാവധി ദീര്‍ഘിപ്പിച്ചിരുന്നു. ഏറ്റവും ഒടുവില്‍ കാലാവധി നീട്ടിയപ്പോള്‍ 2017 ജൂലായ് 15 വരെയെന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനു മുന്‍പ് അടിയന്തരാവസ്ഥ പിന്‍വലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇതു സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനം നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല