സ്വന്തം ലേഖകന്‍: ഗോവയില്‍ ഹോളി ആഘോഷിക്കാനെത്തിയ ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു, മൃതദേഹം രക്തത്തില്‍ കുളിച്ച് നഗ്‌നമാക്കിയ നിലയില്‍. ലിവര്‍പൂള്‍ സ്വദേശി നിഡാനിയേല മക് ലോഗല്‍നെ (28)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ക്രൂരമായ ലൈംഗീക പീഡനത്തിനിരയായതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ വികാസ് ഭഗത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദക്ഷിണഗോവയില്‍ ഹോളി ആഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങുവഴിയാണ് ഡാനിയേല കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡാനിയേലയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഡാനിയേലയെ മാനഭംഗപ്പെടുത്തിയ ശേഷം കൊന്നതായി പിടിയിലായ വികാസ് സമ്മതിച്ചുവെന്നു പൊലീസ് വ്യക്തമാക്കി. തന്നെ തിരിച്ചറിയാതിരിക്കാനാണ് ഡാനിയേലയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കി.
ഡാനിയേലയുടെ മൃതദേഹം ഗോവ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കി. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. യുവതിയുടെ സ്വകാര്യ ഭാഗത്തും മുഖത്തും ഉള്‍പ്പെടെ മുറിവുകളുണ്ട്. ഹോളി ആഘോഷിക്കുന്നതിന് തിങ്കളാഴ്ച രാത്രിയോടെയാണ് ഡാനിയേല ഗോവയില്‍ എത്തുന്നത്. താന്‍ ഏറ്റവും ഭാഗ്യമുള്ള വ്യക്തമാണെന്നും മറ്റൊരു സാഹസികതയ്ക്കു പുറപ്പെടുകയാണെന്നും’ ഗോവയിലേക്കു പുറപ്പെടുന്നതിനു മുമ്പ് ഡാനിയേല ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
തനിക്ക് പിന്തുണ നല്‍കുന്ന മാതാപിതാക്കള്‍ക്ക് യുവതി നന്ദിയറിയിക്കുകയും ചെയ്തിരുന്നു. ലിവര്‍പൂളിലെ ജോണ്‍ മൂര്‍സ് സര്‍വകലാശാലയിലും അയര്‍ലന്‍ഡിലുമാണ് ഡാനിയേല പഠിച്ചിരുന്നത്. ഡാനിയേലയുടെ മരണം ബ്രിട്ടീഷ് മാധ്യമങ്ങലില്‍ ഇന്ത്യയില്‍ ടൂറിസ്റ്റുകള്‍ നേരിടുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതുറന്നിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല