മൂന്നാര്‍: മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. കൈയേറ്റക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയം ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് റവന്യൂവകുപ്പ് കൈയേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. 11 ഇടങ്ങളിലായി 520 ഏക്കര്‍ ഭൂമിയാണ് ഇന്ന് ഒഴിപ്പിക്കുക.
ചിന്നക്കനാല്‍ ഗ്യാപ് റോഡിലെ 250 ഏക്കര്‍ കൈയേറ്റമാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ആദ്യം ഒഴിപ്പിച്ചത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘം ഈ ഭൂമി ഒഴിപ്പിച്ച് അവിടെ സര്‍ക്കാരിന്റെ ബോഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഈ ബോര്‍ഡ് എടുത്തുമാറ്റി കൈയ്യേറ്റക്കാര്‍ ഇവിടേക്ക് വീണ്ടും വരികയായിരുന്നു. ഈ ഭൂമിയാണ് ഇന്ന് ഒഴിപ്പിച്ച് സര്‍ക്കാര്‍ ബോര്‍ഡ് വച്ചത്.
ഇതിനു പുറമേ ഇവിടുത്തെ ഏറ്റവും വലിയ കൈയ്യേറ്റക്കാരില്‍ ഒരാളായ ജിമ്മി സക്കറിയയുടെ 4സര്‍വ്വേ നമ്പറുകളിലായുള്ള 70ഏക്കര്‍ ഭൂമിയും സംഘം ഒഴിപ്പിച്ചിട്ടുണ്ട്. വളരെയേറെ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമാണിത്.
പാര്‍വതിമലയിലെ ചെറുകിട കൈയേറ്റം ഇപ്പോള്‍ ഒഴിപ്പിക്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഇവിടുത്തെ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് വയ്ക്കും. എന്നാല്‍ പകരം സംവിധാനം ഒരുക്കുന്നതുവരെ ഇവര്‍ക്ക് ഇവിടെ കഴിയാമെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല