1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2017

 

സ്വന്തം ലേഖകന്‍: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബി.ജെ.പി മുന്നേറ്റം, മോഡിയുടെ കരുത്തു വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. അഞ്ചു സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ നാലിലും ബി.ജെ.പിയുടെ മുന്നേറ്റം ശുഭവാര്‍ത്തയല്ലെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് എഴുതുന്നു. ബി.ജെ.പിയുടെ മുന്നേറ്റം അന്താരാഷ്ട്ര കരാറുകള്‍ ദുഷ്‌കരമാക്കുമെന്ന നിരീക്ഷിക്കുന്ന റിപ്പോര്‍ട്ട് ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ മോഡിയുടെ നിലപാടുകള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും കൂട്ടിച്ചേര്‍ക്കുന്നു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും ബി.ജെ.പി തന്നെ വിജയിക്കുമെന്ന് ഇന്ത്യന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് പറയുന്നു. അന്താരാഷ്ട്ര വിഷയങ്ങളില്‍ പക്ഷം പിടിക്കാതെയുള്ള ഇന്ത്യയുടെ നിലപാട് മോഡി വന്നതിന് ശേഷം മാറ്റിയിരുന്നു. അടുത്ത തെരഞ്ഞെടുപ്പ് കൂടി മോഡി വിജയിച്ചാല്‍ അദ്ദേഹത്തിന്റെ ഇത്തരം കര്‍ക്കശ നിലപാടുകള്‍ തുടരുമെന്നും ഗ്ലോബല്‍ ടൈംസ് ആശങ്കപ്പെടുന്നു. മറ്റ് രാജ്യങ്ങളുമായുള്ള തര്‍ക്കങ്ങളില്‍ മോഡിയുടെ കര്‍ക്കശ നിലപാട് വിഘാതം സൃഷ്ടിക്കുമെന്നും പത്രം കൂട്ടിച്ചേര്‍ത്തു.

മറ്റു രാജ്യങ്ങളുമായുള്ള വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ തുടരന്‍ ഇത് കാരണമാകുമെന്നും, മോദി ചൈനീസ് അതിര്‍ത്തിയിലെ പട്ടാളക്കാര്‍ക്കൊപ്പം ഹോളി ആഘോഷിച്ചത് ചൂണ്ടിക്കാട്ടി ഗ്ലോബല്‍ ടൈംസ് സമര്‍ഥിക്കുന്നു. ജപ്പാനുമായും അമേരിക്കയുമായും പ്രതിരോധ സഹകരണത്തിന് തയ്യാറായതും ദക്ഷിണ ചൈനാ കടലിലെ യുഎസ് നിലപാടിനെ പിന്തുണച്ചതും ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ചൈനീസ് വിരുദ്ധ നിലപാടുകള്‍ ഗ്ലോബല്‍ ടൈംസ് എടുത്തുപറയുന്നുണ്ട്.

അതേസമയം, കടുത്ത തീരുമാനങ്ങളാണ് മോദിയുടെയും ബിജെപിയുടെയും മുഖമുദ്ര എന്നതുകൊണ്ടുതന്നെ അവര്‍ക്ക് സ്വീകാര്യമായ പരിഹാരങ്ങളില്‍ വേഗത്തില്‍ നടപടി ഉണ്ടാകുമെന്നും ഇത് അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടെ പരിഹാരത്തിന് കാരണമായേക്കാമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ചൈന ഭരിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമാണ്, വിദേശകാര്യ വിഭാഗത്തില്‍ ശ്രദ്ധ ചെലുത്തുന്ന ഗ്ലോബല്‍ ടൈംസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.