സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് ബില്ലില്‍ എലിസബത്ത് രാജ്ഞി ഒപ്പുവച്ചു, ബ്രിട്ടന് ബ്രെക്സിറ്റ് നടപടിക്രമങ്ങളുടെ തിരക്കിലേക്ക്. രാജ്ഞി ഒപ്പുവച്ചതോടെ പാര്‍ലമെന്റ് കടമ്പകള്‍ കടന്ന ബ്രെക്സിറ്റ് ബില്‍ നിയമമായി. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വിടപറച്ചിലിനായി ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള ചര്‍ച്ച തുടങ്ങാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് ഇനി നിയമതടസമില്ല.
മാര്‍ച്ചില്‍ ബ്രെക്സിറ്റിനു തുടക്കം കുറിക്കുമെന്നു നേരത്തെ തെരേസാ മേ പ്രഖ്യാപിച്ചിരുന്നു. 28 അംഗ യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന് വിട്ടുപോരുന്നതു സംബന്ധിച്ചുള്ള പ്രക്രിയയ്ക്കു തുടക്കമിടേണ്ടത് ലിസ്ബണ്‍ ഉടന്പടിയുടെ ആര്‍ട്ടിക്കിള്‍ 50 പ്രകാരമാണ്. അമ്പതാം വകുപ്പു പ്രകാരമുള്ള ചര്‍ച്ച തുടങ്ങുന്നതിനു മേയെ അധികാരപ്പെടുത്തുന്ന ബില്ലാണ് ഇപ്പോള്‍ നിയമമായ ബ്രെക്സിറ്റ് ബില്‍.
യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള വിടുതല്‍ പൂര്‍ണമാവാന്‍ രണ്ടു വര്‍ഷംവരെ സമയം എടുക്കും.ഇതിനിടെ യുകെയില്‍നിന്നു വേര്‍പെട്ടു സ്വതന്ത്രരാഷ്ട്രമായി തീരുന്നതിനുള്ള സ്കോട്ലന്ഡിന്റെ നീക്കം പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു ഹിതപരിശോധന നടത്തണമെന്ന സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്റെ ആവശ്യം അംഗീകരിക്കില്ലെന്നു മേ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയക്കളിക്കു മുതിരാതെ സ്കോട്ടിഷ് ജനതയ്ക്കു മെച്ചപ്പെട്ട ഭരണം കാഴ്ച വയ്ക്കാനായിരുന്നു പാര്‍ലമെന്റില്‍ നടത്തില്‍ പ്രസംഗത്തില്‍ സ്റ്റര്‍ജനോട് മേയുടെ ഉപദേശം. സ്കോട്ടിഷ് പാര്‍ലമെന്റിന്റെ അനുമതി കിട്ടിയാലും ബ്രിട്ടീഷ് പാര്‍ലമെന്റ് സമ്മതിക്കാതെ ജനഹിത പരിശോധന നടത്താനാവില്ല. മുന്‍പു നടത്തിയ ഹിതപരിശോധനയില്‍ ഭൂരിഭാഗം സ്കോട്ടിഷ് പൗരന്മാരും യുകെയില്‍ തുടരണമെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ബ്രെക്സിറ്റ് ഹിതപരിശോധനയില്‍ യുകെ യുറോപ്യന്‍ യൂണിയനില്‍ തുടരണമെന്നായിരുന്നു സ്കോട്ടിഷ് ജനത വിധിയെഴുതിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല