സ്വന്തം ലേഖകന്‍: തീവ്ര ഹിന്ദുത്വത്തിന്റെ അംബാസഡര്‍ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം ലഖ്‌നോയില്‍ ചേര്‍ന്ന ബി.ജെ.പി എം.എല്‍.എമാരുടെ നിയമസഭാകക്ഷി യോഗമാണ് യോഗി ആദിത്യനാഥിനെ നേതാവായി തെരഞ്ഞെടുത്തത്. നിലവില്‍ ഖൊരക്പൂരില്‍ നിന്നുള്ള ലോക്‌സഭ അംഗമാണ് ആദിത്യനാഥ്. യു.പി മുഖ്യമന്ത്രിയായി ആദിത്യനാഥ് ഞായറാഴച സത്യപ്രതിജ്ഞ ചെയ്യും.
ഗോരഖ്പുര്‍ സീറ്റില്‍ നിന്ന് 1998, 1999, 2004, 2009, 2014 എന്നീ വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള യോഗി ആദിത്യനാഥ് 26 ആം വയസില്‍ 12 ആം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായിരുന്നു. ഹിന്ദു മഹാസഭ മുന്‍ അധ്യക്ഷന്‍ മഹന്ത് അവൈദ്യനാഥ് 2014 സെപ്റ്റംബര്‍ 12ന് അന്തരിച്ചതിനെ തുടര്‍ന്ന് പിന്‍ഗാമിയായ യോഗി ആദിത്യനാഥ്, ഗുരു ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരി സ്ഥാനവും ഏറ്റെടുത്തു.
തീവ്ര ഹിന്ദുത്വ നിലപാടുകള്‍ ഉയര്‍ത്തി പിടിക്കുന്ന ബി.ജെ.പി നേതാക്കളില്‍ ഒരാളാണ് യോഗി ആദിത്യനാഥ്. വിവാദ പ്രസ്താവനകളിലൂടെയും പ്രസംഗങ്ങളിലൂടെയും ആദിത്യനാഥ് എല്ലായ്‌പ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആര്‍.എസ്.എസിന്റെ പിന്തുണയാണ് ആദിത്യനാഥിന് മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ കാരണമായത്.
രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആദിത്യനാഥ് കൂടികാഴ്ച നടത്തിയിരുന്നു. ഈ കൂടികാഴ്ചക്ക് ശേഷമാണ് ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാന്‍ അന്തിമ തീരുമാനമായത്. ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുകൂലികള്‍ രാവിലെ യു.പി തലസ്ഥാനമായ ലഖ്‌നോയില്‍ പ്രകടനം നടത്തിയിരുന്നു
രാമക്ഷേത്ര നിര്‍മ്മാണം, ഗോ രക്ഷ വിഷയങ്ങളില്‍ യോഗി ആദിത്യനാഥ് സ്വീകരിച്ച തീവ്ര ഹിന്ദുത്വ നിലപാടുകള്‍ നേരത്തെ വിവാദമായിരുന്നു. കൂടാതെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നിരവധി തവണ നടപടി നേരിട്ടയാളാണ് യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച കേന്ദ്ര ടെലികോം സഹമന്ത്രി മനോജ് സിന്‍ഹയുടെ പേര് ആര്‍.എസ്.എസ്സിന് തള്ളിയതായാണ് റിപ്പോര്‍ട്ടുകള്‍.
മുഖ്യമന്ത്രിക്കസേര നഷ്ടമായതിനു പകരമായി രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ ഉണ്ടാക്കി കേന്ദ്ര ടൂറിസം സഹമന്ത്രിയും പ്രധാനമന്ത്രിയുടെ വിശ്വസ്തനുമായ മഹേഷ് ശര്‍മ, യു.പിയിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ മുഖമായ കേശവ് പ്രസാദ് മൗര്യ എന്നിവരെ പ്രതിഷ്ഠിക്കാന്‍ കേന്ദ്ര നേതൃത്വം ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല