സ്വന്തം ലേഖകന്‍: ബഹ്‌റൈനില്‍ നിന്ന് മല്‍സ്യ ബന്ധനത്തിനു പോയി തടവിലായ ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ മോചിപ്പിച്ചതായി ഇറാന്‍. ഇറാന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ ഒക്ടോബറിലാണ് തൊഴിലാളികളെ ഇറാന്‍ തീര സംരക്ഷണ സേന പിടികൂടി ജയിലില്‍ അടച്ചത്. 15 തമിഴ് തൊഴിലാളികളും ആറ് ബംഗ്ലാദേശ് തൊഴിലാളികളും സംഘത്തിലുണ്ടായിരുന്നു.
ഇറാനിയന്‍ കോടതി തൊഴിലാളികളെ കുറ്റവിമുക്തരാക്കിയതിനെ തുടര്‍ന്ന് ഇവര്‍ അഞ്ചു ദിവസത്തിനകം തിരിച്ചെത്തുമെന്നാണു റിപ്പോര്‍ട്ടുകള്‍. ഇറാന്‍ പിടികൂടിയ ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ ഇറാനില്‍ നരകയാതന അനുഭവിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബഹ്‌റൈനില്‍ നിന്നു മൂന്നു ബോട്ടുകളില്‍ പോയ തൊഴിലാളികളെ ഒക്ടോബര്‍ 20 നാണ് ഇറാന്‍ കോസ്റ്റ്ഗാര്‍ഡ് കസ്റ്റഡിയില്‍ എടുത്തത്. ഇറാന്റെ തെക്കുള്ള കിഷ് ദ്വീപിനു സമീപത്തുനിന്നാണു തൊഴിലാളികളെ പിടികൂടിയത്. ഇവരെ കിഷ് ദ്വീപിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.
തന്റെ ബോട്ടില്‍ ജോലി ചെയ്തിരുന്ന ഏഴ് ഇന്ത്യന്‍ തൊഴിലാളികളുടെ മോചനത്തിനായി ഇറാനിയന്‍ കോടതി ആവശ്യപ്പെട്ട പിഴ സംഖ്യ ബോട്ടുടമ നല്‍കുകയും കോടതി ആവശ്യപ്പെട്ട തൊഴിലാളികളുടെ പാസ് പോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും ഇറാനിലെ തന്റെ പ്രതിനിധി മുഖേനെ ഹാജരാക്കുകയും ചെയ്തിരുന്നു. തൊഴിലാളികളുടെ മോചനവുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ക്കു തെഹ്‌റാനിലെ ഇന്ത്യന്‍ എംബസ്സി മുന്‍കൈയ്യെടുത്തതും മോചനം വേഗത്തിലാക്കാന്‍ സഹായകരമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല