സ്വന്തം ലേഖകന്‍: ഓസ്ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു, ആക്രമണം പള്ളിയില്‍ പ്രാര്‍ഥനക്കിടെ. ഫാദര്‍ ടോമി മാത്യു കളത്തൂരി (48)നാണ് കഴുത്തില്‍ കുത്തേറ്റത്. പരിക്കേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പരുക്ക് ഗുരുതരമല്ലെന്നാണു വിവരം. വടക്കന്‍ മെല്‍ബണിലെ ഫോക്നറിലുള്ള സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളിയില്‍ പ്രാര്‍ഥനയ്ക്കായി വിശ്വാസികള്‍ സമ്മേളിച്ചിരിക്കെയാണ് ആക്രമണം ഉണ്ടായത്.
സംഭവത്തിനു ശേഷം രക്ഷപ്പെട്ട അക്രമിക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച രാവിലെ പള്ളിയില്‍ ഇറ്റാലിയന്‍ ഭാഷയിലുള്ള കുര്‍ബാനയ്ക്കായി ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വൈദികന്റെ സമീപമെത്തിയ അക്രമി ‘നിങ്ങള്‍ ഇന്ത്യക്കാരനായതിനാല്‍ കുര്‍ബാനയര്‍പ്പിക്കാന്‍ കഴിയില്ലെന്നും നിങ്ങള്‍ ഹിന്ദുവോ മുസ്ലിമോ ആയിരിക്കും’ എന്നു പറയുകയും ഒരു അടുക്കളക്കത്തിയെടുത്ത് ഫാദര്‍ ടോമിയുടെ കഴുത്തില്‍ കുത്തുകയുമായിരുന്നു.
പള്ളിയിലുണ്ടായിരുന്നവര്‍ അക്രമിയെ തടയാന്‍ ശ്രമിച്ചെങ്കിലും തിരക്കിനിടയിലൂടെ രക്ഷപ്പെട്ടു. ഇറ്റലിക്കാരനായ വ്യക്തിയാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഇയാള്‍ കുറച്ചു ദിവസങ്ങളായി പള്ളിക്ക് സമീപം ചുറ്റിതിരിഞ്ഞിരുന്നതായും പറയുന്നു. ഇയാള്‍ക്കു വേണ്ടി വ്യാപകമായ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും വംശീയ ആക്രമണമാണ് നടന്നതെന്ന് ഇപ്പോള്‍ പറയനാവില്ലെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല