1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2017

 

സ്വന്തം ലേഖകന്‍: ലണ്ടനില്‍ ഒരു വയസ്സുള്ള കുട്ടിയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊന്ന ഇന്ത്യന്‍ വംശജന്‍ പിടിയില്‍. ലണ്ടന്‍ ഹിന്‍സ്‌ബെറി പാര്‍ക്കിലെ ഫ്‌ലാറ്റിലാണ് സംഭവം. കൊല്ലപ്പെട്ട കുട്ടിയുടെ ഇരട്ട സഹോദരി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബിദ്യാസാഗര്‍ ദാസ് എന്നു പേരുള്ള ഇന്ത്യന്‍ വംശജനാണ് ആക്രമണം നടത്തിയതെന്ന് ദ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ പോലീസിന്റെ പിടിയിലായതായാണ് റിപ്പോര്‍ട്ടുകള്‍.

ദാസിന്റെ അയല്‍ക്കാരിയായ സ്ത്രീയുടെ ഇരട്ടക്കുട്ടികള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രി തൊട്ടടുത്തുള്ള ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറിയ ദാസ് കുട്ടികളെ ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെ കുട്ടികളുടെ അമ്മ പരിഭ്രമത്തോടെ ഫ്‌ളാറ്റിന് പുറത്തേക്കോടുന്നത് മറ്റു താമസക്കാര്‍ കണ്ടിരുന്നു. കാരണമന്വേഷിച്ച ഇവരോട് ”എന്റെ മക്കള്‍, എന്റെ മക്കള്‍” എന്ന് മാത്രമാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് ഫ്‌ളാറ്റില്‍ ചെന്നപ്പോഴാണ് ആണ്‍കുട്ടി മരിച്ചു കിടക്കുന്നതായി കണ്ടതെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു.

ചുറ്റിക കൊണ്ടുള്ള അടിയേറ്റാണ് കുട്ടി മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഒരു ഹോട്ടലില്‍ ജോലിക്കാരാനായിരുന്ന ദാസ് കഴിഞ്ഞ ദിവസം ജോലി രാജിവെച്ചിരുന്നു. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കൊലപാതകം നടന്ന സ്ഥലത്തു നിന്ന് ആറു കിലോമീറ്റര്‍ അകലെ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ് ഈസ്റ്റ് ലണ്ടന്‍ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.