സ്വന്തം ലേഖകന്‍: യുപിയില്‍ യോഗി കളി തുടങ്ങി, 15 ദിവസത്തിനകം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ദേശം. യുപിയില്‍ യോഗി ആദിത്യനാഥ് മന്ത്രി സഭ അധികാരമേറ്റ അടുത്ത ദിവസം തന്നെ അലഹബാദിലെ രണ്ട് അറവ് ശാലകള്‍ അടച്ച് പൂട്ടി. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന അറവ് ശാലകളാണ് അടച്ച് പൂട്ടിയതെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ അറവ് ശാലകള്‍ അടച്ച പൂട്ടുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പതിനഞ്ച് ദിവസത്തിനകം സ്വത്ത് വിവരം കൈമാറണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടു. നേരത്തെ മന്ത്രിമാര്‍ സ്വത്ത് വിവരം പ്രഖ്യാപിക്കണമെന്ന് യോഗി നിര്‍ദ്ദേശം നല്‍കിയിരുന്നു.
യു.പി സെക്രട്ടറിയേറ്റായ ലോക് ഭവനില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉദ്യോഗസ്ഥര്‍ സ്വത്ത് വെളിപ്പെടുത്തണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി മുന്നോട്ടു വച്ചത്. ഉദ്യോഗസ്ഥരുമായി സാധാരണ കൂടിക്കാഴ്ചയാണ് നടന്നതെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ബി.ജെ.പിയുടെ പ്രകടന പത്രിക നടപ്പിലാക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ശ്രമിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
അഴിമതി തുടച്ചു നീക്കുക എന്നതാണ് ബി.ജെ.പിയുടെ മുഖ്യ അജണ്ടയെന്ന് ക്യാബിനറ്റ് മന്ത്രി ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് മന്ത്രിമാര്‍ സ്വത്ത് വിവരം പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന്ടെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ബിഎസ്പി പ്രാദേശിക നേതാവ് മുഹമ്മദ് ഷമി വെടിയേറ്റു മരിച്ചു. ബൈക്കിലെത്തിയ സംഘം ഷമിയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ബിജെപി തെരഞ്ഞെടുത്തതിന് പിന്നാലെ നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യോഗിയുടെ തീവ്രഹിന്ദുത്വ നയങ്ങളാണ് പ്രതിഷേധത്തിനുള്ള ഒരു പ്രധാന കാരണം. യോഗിയുടെ ഭരണത്തില്‍ ഉത്തര്‍പ്രദേശിലെ മുസ്ലീങ്ങളുടെ ജീവിതം ദുരിത പൂര്‍ണ്ണമാകുമെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല