സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ പ്രാര്‍ഥനക്കിടെ മലയാളി വൈദികനെ കുത്തി പരുക്കേല്‍പ്പിച്ച പ്രതി പിടിയില്‍, മാനസിക രോഗിയെന്ന് സംശയം. ഫോക്‌നോര്‍ സ്വദേശശിയായ 72 കാരനാണ് സംഭവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്. പ്രതിക്ക് മാനസികാസ്വസ്ഥ്യമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അതേസമയം ഫാ. ടോമി മാത്യുവിന്റെ കഴുത്തിലെ പരുക്ക് സാരമുള്ളതല്ലെന്നും രണ്ടു ദിവസത്തിനുള്ളില്‍ ആശുപതി വിടാമെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ഇന്ത്യക്കാരന്‍ കുര്‍ബാന അര്‍പ്പിക്കണ്ട എന്ന് പറഞ്ഞാണ് ഫോക്‌നര്‍ സെന്റ് മാത്യൂസ് പള്ളിയില്‍ കുര്‍ബാനയ്‌ക്കെത്തിയ വൈദികനു നേരേ ആക്രമണമുണ്ടായത്. അക്രമി ഫോക്‌നറിലെ താമസക്കാരനാണ്. വടക്കന്‍ മെല്‍ബണിലെ ഫോക്‌നറിലുള്ള സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളിയില്‍ പ്രാര്‍ഥനയ്ക്കായി വിശ്വാസികള്‍ സമ്മേളിച്ചിരിക്കെയാണ് ആക്രമണം ഉണ്ടായത്.
ഞായറാഴ്ച രാവിലെ പള്ളിയില്‍ ഇറ്റാലിയന്‍ ഭാഷയിലുള്ള കുര്‍ബാനയ്ക്കായി ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വൈദികന്റെ സമീപമെത്തിയ അക്രമി ‘നിങ്ങള്‍ ഇന്ത്യക്കാരനായതിനാല്‍ കുര്‍ബാനയര്‍പ്പിക്കാന്‍ കഴിയില്ലെന്നും നിങ്ങള്‍ ഹിന്ദുവോ മുസ്‌ലിമോ ആയിരിക്കും’ എന്നു പറയുകയും ഒരു അടുക്കളക്കത്തിയെടുത്ത് ഫാദര്‍ ടോമിയുടെ കഴുത്തില്‍ കുത്തുകയുമായിരുന്നു.
പള്ളിയിലുണ്ടായിരുന്നവര്‍ അക്രമിയെ തടയാന്‍ ശ്രമിച്ചെങ്കിലും തിരക്കിനിടയിലൂടെ ഇയാള്‍ രക്ഷപ്പെട്ടു. പ്രതിയെ ജൂണ്‍ 13ന് കോടതിയില്‍ ഹാജരാക്കും. അക്രമത്തെ മെല്‍ബണ്‍ അതിരൂപത അപലപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല