സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് നടപടികള്‍ ഈ മാസം 29 ന് ആരംഭിക്കും, നടപടികള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് തെരേസാ മേയ് സര്‍ക്കാര്‍. ബ്രിട്ടന് യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകുന്നതിന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ ഈ മാസം 29 ന് ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഇ.യു കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്കിന് ബ്രിട്ടന്റെ അംബാസഡര്‍ ഇതു സംബന്ധിച്ച് അറിയിപ്പ് നല്കി.
രണ്ടു വര്‍ഷത്തിനുള്ളില്‍ ബ്രെക്സിറ്റ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇക്കാര്യത്തില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും സര്‍ക്കാര്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. ലിസ്ബണ്‍ ഉടന്പടിയുടെ അന്‍പതാം വകുപ്പിലാണ് യൂണിയനില്‍നിന്നുള്ള വിടുതല്‍ സംബന്ധിച്ച വ്യവസ്ഥകളുള്ളത്. ഇതിനെ അടിസ്ഥാനമാക്കിയാവും 29 നു ചര്‍ച്ച ആരംഭിക്കുക.
കഴിഞ്ഞ ജൂണിലെ ഹിതപരിശോധനയിലാണ് ബ്രെക്സിറ്റിന് അനുകൂലമായി ബ്രിട്ടീഷ് ജനത വിധിയെഴുതിയത്. 51.9 ശതമാനം പേരാണ് ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. പ്രസ്തുത വിധിയെഴുത്തിന്റെ വെളിച്ചത്തിലുള്ള അനന്തര നടപടികള്‍ക്കാണു 29നു തുടക്കം കുറിക്കുകയെന്നു ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ് പറഞ്ഞു. വിടുതല്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ രണ്ടുവര്‍ഷം എടുക്കും. 2019 മാര്‍ച്ചില്‍ ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി യൂണിയനില്‍നിന്നു വിട്ടുപോരാമെന്നാണ് കരുതുന്നത്.
2016 ജൂണില്‍ നടന്ന ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള തീരുമാനം ബ്രിട്ടീഷ് ജനത അംഗീകരിച്ച് ഒമ്പതു മാസങ്ങള്‍ക്ക് ശേഷമാണ് പ്രക്രിയകള്‍ ആരംഭിക്കുന്നത്. ഇതിനിടെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും കോടതിയിലും അഗ്നിപരീക്ഷകള്‍ നേരിട്ട് ബ്രെക്സിറ്റ് ബില്‍ നിയമമായി. ബ്രെക്സിറ്റിനു ശേഷമുള്ള യൂറോപ്പ് എന്തായിരിക്കും എന്ന് പ്രവചിക്കുന്നത് തിരക്കിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. അതോടൊപ്പം സ്കോട്ട്ലന്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ ബ്രെക്സിറ്റ് മുതലെടുത്ത് രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയതും സ്ഥിതി സങ്കീര്‍ണമാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല