സ്വന്തം ലേഖകന്‍: കറന്‍സി ഇടപാടുകളുടെ പരിധി രണ്ടു ലക്ഷമാക്കി കുറച്ച് കേന്ദ്ര സര്‍ക്കാര്‍, ആധാര്‍ കാര്‍ഡ് നിര്‍ബന്ധം കൂടുതല്‍ മേഖലകളിലേക്ക്. കറന്‍സി ഇടപാടുകളുടെ പരിധി മൂന്ന് ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപയായി കുറയ്ക്കാനാണ് നീക്കം. കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് കറന്‍സി ഇടപാടുകളുടെ പരിധി മൂന്ന് ലക്ഷം രൂപയായി കുറച്ചത്. പരിധി രണ്ട് ലക്ഷം രൂപയാക്കുന്നതിനുള്ള നിര്‍ദ്ദേശം ചൊവ്വാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇതിനായി ധനബില്ല് ഭേദഗതി ചെയ്യും.
കള്ളപ്പണം നിയന്ത്രിക്കുന്നതിനാണ് പരിധി വീണ്ടും കുറയ്ക്കുന്നത്. പരിധിക്ക് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ ശിക്ഷാര്‍ഹമായിരിക്കും. കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ശിപാര്‍ശ പ്രകാരമാണ് കറന്‍സി ഇടപാടിന്റെ പരിധി കുറയ്ക്കുന്നത്. ജസ്റ്റിസ് എം.ബി ഷാ അധ്യക്ഷനായ സമിതിക്കാണ് കള്ളപ്പണം സംബന്ധിച്ച അന്വേഷണ ചുമതല.
കള്ളപ്പണം നിയന്ത്രിക്കുന്നതിനുള്ള ശിപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്ന അഞ്ചാമത്തെ റിപ്പോര്‍ട്ട് എം.ബി ഷാ സമിതി കഴിഞ്ഞ ജൂലൈയില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഷാ കമ്മറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.
അതിനിടെ ആധാര്‍ കൂടുതല്‍ മേഖലകളില്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നികുതി അടയ്ക്കുന്നതിനും പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനുമാണ് ആധാര്‍ നിര്‍ബന്ധമാക്കിയത്. ജുലായ് 1 മുതല്‍ ഇത് നിര്‍ബന്ധമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനകാര്യ ബില്‍ ഭേദഗതിയാണ് നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
റെയില്‍വെ ടിക്കറ്റ്, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, പിഎസ്‌സി രജിസ്‌ട്രേഷന്‍, സൗജന്യ പാചകവാതക കണക്ഷന്‍ എന്നിങ്ങനെ 30ല്‍ അധികം പദ്ധതികള്‍ക്ക് നേരത്തെ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ആധാര്‍മൂലം തടസ്സപ്പെടരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഇത്തരം പരിഷ്‌ക്കാരങ്ങള്‍ വിധിക്കെതിരാണെന്ന് വാദവുമായി പ്രതിഷേധക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് സൗകര്യമുണ്ടെങ്കില്‍ മാത്രം ആധാര്‍ നല്‍കിയാല്‍ മതിയെന്നാണ് വ്യവസ്ഥ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല