സ്വന്തം ലേഖകന്‍: അയോധ്യ പ്രശ്നത്തില്‍ കോടതിക്കു പുറത്ത് ചര്‍ച്ച നടത്തി പരിഹാരം കാണാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ട കക്ഷികള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ചനടത്തണമെന്നും അതിന് മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ പറഞ്ഞു. അയോധ്യ ക്ഷേത്രനിര്‍മാണ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന് സ്വാമിയോടാണ് ചീഫ് ജസ്റ്റിസ് നിര്‍ദേശം മുന്നോട്ടുവെച്ചത്. ബന്ധപ്പെട്ട കക്ഷികളുമായി സംസാരിച്ചശേഷം ഈമാസം 31ന് തീരുമാനമറിയിക്കാനും സ്വാമിയോട് കോടതി ആവശ്യപ്പെട്ടു.
കക്ഷികള്‍ പരസ്പരം വിട്ടുവീഴ്ചയ്ക്കു തയ്യാറാവണമെന്നും ചര്‍ച്ചകള്‍ക്കു മധ്യസ്ഥത വഹിക്കാന്‍ ജഡ്ജിമാരിലൊരാളെ വിട്ടുതരാമെന്നും വേണമെങ്കില്‍ താന്‍ തന്നെ മധ്യസ്ഥനാവാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ പറഞ്ഞു. അയോധ്യയിലെ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കും നിര്‍മോഹി അഖാഡയ്ക്കുമായി വിഭജിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് 2010 സെപ്റ്റംബര്‍ 30നു വിധിച്ചിരുന്നു. ഇതിനെതിരെയുള്ള ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കണമെന്ന് ഇന്നലെ കേസ് പരാമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി ആവശ്യപ്പെട്ടു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെടുന്ന സുബ്രഹ്മണ്യന് സ്വാമിയുടെ ഹര്‍ജി പരിഗണിക്കാന്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരി 26നാണ് സുപ്രീംകോടതി തീരുമാനിച്ചത്. അയോധ്യാ വിഷയത്തില്‍, പരോക്ഷമായെങ്കിലും കോടതിക്കു പങ്കാളിത്തമുള്ള മധ്യസ്ഥശ്രമത്തോടു സുപ്രീം കോടതി ഇതാദ്യമായാണ് താല്പര്യം വ്യക്തമാക്കുന്നത്.
തര്‍ക്കമുള്ള 2.27 ഏക്കര്‍ ഭൂമി മൂന്നായി വിഭജിക്കാനാണ് അലഹബാദ് ഹൈക്കോടതി ആറു വര്‍ഷം മുന്‍പ് വിധിച്ചത്. അപ്പീലുകള്‍ പരിഗണിച്ച സുപ്രീം കോടതി, ഹൈക്കോടതിയുടെ വിധി 2011 മേയ് ഒന്പതിനു സ്റ്റേ ചെയ്തു. തര്‍ക്കഭൂമിയില്‍ യഥാസ്ഥിതി തുടരാമെന്നും, അതിനോടു ചേര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിയില്‍ മതപരമായ ചടങ്ങുകള്‍ പാടില്ലെന്നും അന്നു വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല