സ്വന്തം ലേഖകന്‍: ലണ്ടന്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ കത്തിക്കുത്തും വെടിവപ്പും, അക്രമിയുള്‍പ്പെടെ അഞ്ചു മരണം, നിരവധി പേര്‍ക്ക് പരുക്ക്, ഭീകരാക്രമണത്തില്‍ വിറങ്ങലിച്ച് ലണ്ടന്‍ നഗരം. ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്തുണ്ടായ വെടിവയ്പിലും കത്തിക്കുത്തിലും സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും അക്രമിയെത്തിയതെന്നു കരുതുന്ന കാര്‍ ഇടിച്ചു പരുക്കേറ്റ രണ്ട് വഴിയാത്രികരുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരാള്‍ സ്ത്രീയാണ്. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരടക്കം ഇരുപതിലേറെപ്പേര്‍ക്ക് പരുക്കേറ്റു. ഉദ്യോഗസ്ഥനെ കുത്തിയ അക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തിയെങ്കിലും ഇയാള്‍ ആശുപത്രിയില്‍വച്ച് മരിച്ചു.
ആയുധധാരിയായ ഒരാളെ പാര്‍ലമെന്റിന് പുറത്ത് കണ്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റ് മന്ദിരത്തിന് സമീപമുള്ള വെസ്റ്റ് മിനിസ്റ്റര്‍ പാലത്തില്‍ പ്രാദേശിക സമയം വൈകിട്ട് 3.15 നാണ് ആക്രമണമുണ്ടായത്. പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉള്‍പ്പെടെ നിരവധി എംപിമാര്‍ പാര്‍ലമെന്റിനുള്ളില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. പാര്‍ലമെന്റ് കെട്ടിടത്തിന് പുറത്തു നിന്നവര്‍ക്കാണ് വെടിയേറ്റത്.
അമിത വേഗതയില്‍ ഓടിച്ചുവന്ന ഒരു കാര്‍ പാര്‍ലമെന്റ് മന്ദിരത്തിനു തൊട്ടടുത്തുള്ള വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജിലെ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന നിരവധിപേരെ ഇടിച്ചിട്ടശേഷം പാര്‍ലമെന്റ് മന്ദിരത്തിന്റെ കമ്പിവേലിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. പിന്നീട് കാറില്‍നിന്നിറങ്ങി മന്ദിരത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച അക്രമിയെ തടഞ്ഞ പൊലീസുകാരനെ ഇയാള്‍ കഠാരകൊണ്ട് കുത്തി വീഴ്ത്തി. മറ്റൊരു പൊലീസുകാരനുനേരെ പാഞ്ഞടുത്ത അക്രമിയെ അദ്ദേഹം വെടിവച്ചു വീഴ്ത്തി.
ഓഫിസിലുണ്ടായിരുന്ന പ്രധാനമന്ത്രി തെരേസ മേയെ ഉടന്‍ സുരക്ഷിതമായി ഔദ്യോഗിക വസതിയിലേക്ക് മാറ്റി. മറ്റുള്ളവരെ ഏറെനേരം അവിടെത്തന്നെ സുരക്ഷിതമായി സംരക്ഷിച്ചശേഷം നാലുമണിയോടെ കനത്ത സുരക്ഷാവലയത്തില്‍ പുറത്തിറക്കി. എംപിമാര്‍ക്കുപുറമേ ഉദ്യോഗസ്ഥരും ജീവനക്കാരുമായി ഇരുന്നൂറോളം പേരും ഈ സമയം പാര്‍ലമെന്റ് മന്ദിരത്തില്‍ ഉണ്ടായിരുന്നു. പാര്‍ലമെന്റും പരിസരപ്രദേശങ്ങളുമെല്ലാം ഇപ്പോഴും സായുധ പോലീസിന്റെ നിയന്ത്രണത്തിലാണ്.
ആക്രമണത്തെ തുടര്‍ന്ന് ലണ്ടന്‍ നഗരത്തില്‍ സുരക്ഷ ശക്തമാക്കി. നഗരത്തിന്റെ പല ഭാഗത്തും ഗതാഗതം പൂര്‍ണമായും അടച്ച അവസ്ഥയിലാണ്. ലണ്ടന്‍ ഐ ഉള്‍പ്പെടെ പാര്‍ലമെന്റിനു സമീപമുള്ള വിനോദോപാധികളെല്ലാം നിര്‍ത്തിവച്ചു. തെംസിലൂടെയുള്ള ബോട്ട് ഗതാഗതം പോലീസ് തടഞ്ഞിട്ടുണ്ട്. അക്രമിയോടൊപ്പം കൂടുതല്‍ പേരുണ്ടോ എന്നറിയാനും ഇയാളുടെ വിശദാംശങ്ങള്‍ കണ്ടെത്താനുമുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്. ആക്രമണത്തെ തുടര്‍ന്ന് അധോസഭ സമ്മേളനം ഉച്ചക്കുശേഷം റദ്ദാക്കി. ആക്രമണം നടത്തിയയാള്‍ ഏഷ്യന്‍ വംശജനാണെന്നും നടന്നത് ഭീകരാക്രമണമാണെന്നുമാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല