1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2017

 

സ്വന്തം ലേഖകന്‍: യുപിയില്‍ മുഖ്യമന്ത്രിയുടെ പൂവാല വിരുദ്ധ സേന, മന്ത്രിമാര്‍ക്ക് വകുപ്പുകളായി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെ കൈവശം വച്ചപ്പോള്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് പൊതുമരാമത്ത് വകുപ്പും സഹകരണവും ലഭിച്ചു. മറ്റൊരു ഉപമുഖ്യമന്ത്രിയായ ദിനേശ് ശര്‍മ്മയ്ക്കാണ് ഉന്നത വിദ്യാഭ്യാസകാര്യ വകുപ്പ്. വനിതാ നേതാവ് റിതാ ബഹുഗുണ ജോഷിക്കാണ് വനിതാ ശിശു വികസന വകുപ്പും ടൂറിസവും കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല.

അധികാരമേറിയതു തൊട്ടുപിന്നാലെ വിവാദ തീരുമാനങ്ങളിലൂടെ ശ്രദ്ധേയനാകുകയാണ് മുഖ്യമന്ത്രി. സ്ത്രീ സുരക്ഷയെ മുന്നില്‍ കണ്ടുകൊണ്ട് രൂപം നല്‍കിയ ആന്റി റോമിയോ സ്വക്വാഡുകളാണ് പുതിയ വാര്‍ത്ത.  പോലീസില്‍ നിന്നുള്ളവരെതന്നെയാണ് സ്വക്വാഡുകളില്‍ നിയോഗിച്ചിരിക്കുന്നത്. പ്രവര്‍ത്തനം ആരംഭിച്ച സ്വക്വാഡ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു. യുപി പോലീസ് സദാചാര ഗുണ്ടകളായി മാറിയെന്ന വിമര്‍ശനവും ഇതോടൊപ്പം തന്നെ ഉയരുന്നുണ്ട്.

അതിനിടെ യോഗിയെ വിമര്‍ശിച്ച് കവിത എഴുതിയ ബംഗാളി എഴുത്തുകാരനെതിരെ കേസെടുത്തു. ശ്രീജതോ ബന്ദോപാന്ധ്യായ എന്ന എഴുത്തുകാരനെതിരെയാണ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹൈന്ദവ സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ മാര്‍ച്ച് 19 നാണ് ബന്ദോപാന്ധ്യായ വിമര്‍ശിച്ച് കവിത എഴുതിയത്.

യോഗി ആദിത്യനാഥ് അധികാരമേറ്റതിന് തൊട്ടു പിന്നാലെ യുപിയില്‍ മത്സ്യവും മാംസവും വില്‍പ്പന നടത്തിയിരുന്ന മൂന്ന് കടകള്‍ക്ക് അജ്ഞാതര്‍ തീയിട്ടു. ചൊവ്വാഴ്ച മാന്യവര്‍ കാന്‍ഷിറാം കോളനിയില്‍ നടന്ന സംഭവം പ്രദേശത്ത് ആശങ്ക പരത്തിയിട്ടുണ്ട്. ആദിത്യനാഥ് അധികാരത്തില്‍ ഏറ്റതിന് പിന്നാലെ ചില അറവ് ശാലകള്‍ക്ക് പൂട്ട് വീണത് വാര്‍ത്തയായിരുന്നു. അതിന് പുറകെയാണ് മത്സ്യവും മാംസവും വില്‍പ്പന നടത്തിയിരുന്ന കടയ്ക്കും തീയിട്ടിരിക്കുന്നത്.

കമലഗഡ പ്രദേശത്തെ ചില അറവുശാലകള്‍ക്ക് തിങ്കളാഴ്ച ജില്ലാ അധികാരികള്‍ പൂട്ടിട്ടിരുന്നു. അഗ്‌നിക്കിരയായ കട 2012 ല്‍ അടച്ചു പൂട്ടിയതാണ്. എന്നാല്‍ രഹസ്യമായി ഇത് പ്രവര്‍ത്തിക്കുകയായിരുന്നെന്നും വിവരമുണ്ട്. നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന പത്തു മാംസവില്‍പ്പന ശാലകളും നാലു അറവുശാലകളും ഗസിയാബാദ് പോലീസ് തിങ്കളാഴ്ച പൂട്ടിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.