സ്വന്തം ലേഖകന്‍: തുര്‍ക്കിയോടുള്ള വല്യേട്ടന്‍ നയം തുടര്‍ന്നാല്‍ ഇയു രാജ്യങ്ങളിലെ പൗരന്മാര്‍ സുരക്ഷിതരായി തെരുവിലിറങ്ങി നടക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. യൂറോപ്യന്‍ യൂണിയന്‍ തുര്‍ക്കിയോട് നിലവിലുള്ള മനോഭാവം തുടരുകയാണെങ്കില്‍ യൂണിന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ തെരുവുകളിലൂടെ സുരക്ഷിതരായി നടക്കില്ലെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തുറന്നടിച്ചു,
ജര്‍മനിയും നെതര്‍ലന്‍ഡ്‌സും തുര്‍ക്കി മന്ത്രിമാരുടെ രാഷ്ട്രീയ റാലി വിലക്കിയ പശ്ചാത്തലത്തിലാണ് ഉര്‍ദുഗാന്റെ മുന്നറിയിപ്പ്. ഏപ്രിലില്‍ നടക്കുന്ന ഹിതപരിശോധനയില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ കുടിയേറ്റക്കാരായ തുര്‍ക്കി പൗരന്മാരുടെ വോട്ടു പിടിക്കാനാണ് മന്ത്രിമാര്‍ റാലി വിളിച്ചുചേര്‍ത്തത്. എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ജര്‍മനിയും നെതര്‍ലന്‍ഡ്‌സും റാലിക്ക് അനുമതി നിഷേധിക്കുകയും മന്ത്രിമാരെ വിലക്കുകയുമായിരുന്നു.
തുര്‍ക്കിയിലെ ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും യൂറോപ്പ് മാനിക്കാന്‍ പഠിക്കണമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. നേരത്തെ നെതര്‍ലന്‍ഡ്‌സിനെതിരെയും ഉര്‍ദുഗാന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടന ഭേദഗതിക്കാണ് തുര്‍ക്കിയില്‍ ഹിതപരിശോധന നടക്കുന്നത്.
നെതെര്‍ലാന്‍ഡ്‌സുമായുള്ള ഉന്നത നയതന്ത്ര ബന്ധങ്ങള്‍ തുര്‍ക്കി നേരത്തെ മരവിപ്പിച്ചിരുന്നു. ‘നാസി അവശേഷിപ്പുകള്‍’ ഉള്ള രാഷ്ട്രമായിട്ടാണ് നെതെര്‍ലാന്‍ഡ്‌സിനെ ഉര്‍ദുഗാന്‍ അധിക്ഷേപിച്ചത്. നാറ്റോയിലെ സഖ്യശക്തികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഡച്ച്പക്ഷം പിടിച്ച ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെയും ഉര്‍ദുഗാന്‍ രൂക്ഷമായി വിമര്‍ശിച്ചു.
നെതെര്‍ലാന്‍ഡ്‌സിലെ ടര്‍ക്കിഷ് വംശജരില്‍ ഉര്‍ദുഗാന്‍ ശക്തമായി എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഉള്ളതിനാല്‍ അത് അസ്വസ്ഥതകള്‍ സൃഷ്ടിക്കുമെന്ന ഭയം കാരണമാണ് തുര്‍ക്കിയുടെ മന്ത്രിമാരെ യോഗങ്ങളില്‍ പ്രസംഗിക്കുന്നതില്‍നിന്നും വിലക്കിയത്.
റോട്ടര്‍ഡാമില്‍ ടര്‍ക്കിഷ് വംശജരുടെ ഒരു റാലിയില്‍ പ്രസംഗിക്കുന്നതില്‍നിന്നും ടര്‍ക്കിയുടെ വിദേശകാര്യമന്ത്രി മേവലുത് കാവുസംഗ്‌ലുവിനെ നെതര്‍ലന്‍ഡ്‌സ് വിലക്കി. അതിനുപിന്നാലെ കുടുംബ ക്ഷേമമന്ത്രി ഫാത്തിമ ബൈതുല്‍ സയന്‍ കയയെ അവിടുത്തെ ടര്‍ക്കിഷ് കോണ്‍സുലേറ്റില്‍ പ്രവേശിക്കുന്നതില്‍നിന്നു വിലക്കുകയും ജര്‍മ്മനിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല