സ്വന്തം ലേഖകന്‍: ജറുസലേമിലെ യേശുവിന്റേതെന്ന് കരുതുന്ന ശവകുടീരം അറ്റകുറ്റപ്പണികള്‍ക്കു ശേഷം സന്ദര്‍ശകര്‍ക്കായി തുറന്നു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ബുധനാഴ്ചയാണ് ശവകുടീരം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തത്. യേശുവിനെ കുരിശിലേറ്റിയതിന് ശേഷം ഭൗതികശരീരം അടക്കിയതെന്ന് വിശ്വസിക്കപ്പെടുന്ന ജറൂസലമിലെ വിശുദ്ധ ഉയിര്‍പ്പു പള്ളിയാണ് ഒമ്പതു മാസത്തെ ഇടവേളക്കുശേഷം തുറന്നത്. ഒരുസംഘം ഗ്രീക്ക് ശാസ്ത്രജ്ഞരാണ് നാലു ദശലക്ഷം ഡോളര്‍ ചെലവഴിച്ച പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
തകര്‍ന്നു വീഴാറായ എഡിക്യൂള്‍ എന്ന ചെറുസ്തൂപം ശവകുടീരത്തിന് മുകളില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന പ്രവൃത്തിയായിരുന്നു അറ്റകുറ്റപ്പണികളില്‍ മുഖ്യം.
രണ്ടുനൂറ്റാണ്ടിനിടെ ആദ്യമായി തിരുക്കല്ലറയുടെ മുകളിലെ മാര്ബിള്ശില മാറ്റി കല്ലറയിലും ഇത്തവണ പരിശോധന നടത്തി. കല്ലറ കാണാവുന്ന വിധത്തില്‍ ഒരു ജനാലയും നിര്‍മിച്ചു.വര്‍ഷങ്ങളായി എഡിക്യൂളില് പറ്റിപ്പിടിച്ചിരുന്ന മെഴുകും പുകയും പ്രാവിന്കാഷ്ഠവുമെല്ലാം മാറ്റി വൃത്തിയാക്കി. ടൈറ്റാനിയം ബോള്‍ട്ടും കോണ്‍ക്രീറ്റും ഉപയോഗിച്ചു ബലപ്പെടുത്തുകയും ചെയ്തു. 70 വര്‍ഷം മുന്‍പ് സ്ഥാപിച്ച ഇരുമ്പു താങ്ങുകള്‍ മാറ്റി.
ഇതിനുമുമ്പ് നാലുതവണയാണ് ശവകുടീരത്തില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടന്നത്. റോമന്‍ കത്തോലിക്, ഗ്രീക് ഓര്‍ത്തഡോക്സ്, അര്‍മീനിയന്‍ അപ്പോസ്തലിക്, സിറിയന്‍ ഓര്‍ത്തഡോക്സ്, ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ്, കോപ്റ്റിക് എന്നീ വിഭാഗങ്ങള്‍ക്കൊപ്പം, ജോര്‍ഡനിലെ അബ്ദുല്ല രാജാവും, ഫലസ്തീന് അതോറിറ്റിയും പുനരുദ്ധാരണ പ്രവൃത്തികളുടെ ചെലവ് വഹിച്ചു. കോണ്‍സ്റ്റാന്റിനോപ്പിളിലെ ബര്‍ത്തലോമ്യോ ഒന്നാമന് പാത്രിയര്‍ക്കീസും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച്ബിഷപ് ജ്യൂസെപ്പെ ലാസറോത്തോയും പങ്കെടുത്ത ചടങ്ങില്‍ തിരുക്കല്ലറയ്ക്കു മുകളിലുള്ള എഡിക്യുള് തീര്‍ഥാടകര്‍ക്കു തുറന്നുകൊടുത്തു.
ഗ്രീക്ക് പ്രധാനമന്ത്രി അലക്സിസ് സീപ്രാസ്, ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തെയോഫിലോസ് മൂന്നാമന് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ക്രൈസ്തവ സഭകള്‍ക്കിടയില്‍ തര്‍ക്കം ഒഴിവാക്കുന്നതിന് 12 ആം നൂറ്റാണ്ടു മുതല്‍ ഒരു മുസ്ലിം കുടുംബമാണ് ചര്‍ച്ചിന്റെ താക്കോല്‍ സൂക്ഷിപ്പുകാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല