1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2011

എഡിറ്റോറിയല്‍

യുക്മ എന്ന സംഘടനകളുടെ സംഘടന എത്രമാത്രം യു കെ മലയാളികള്‍ നെഞ്ചിലേറ്റി എന്നതിന്‍റെ നേര്‍ക്കാഴ്ചയായിരുന്നു ഇന്നലെ നടന്ന യുക്മ ജെനറല്‍ ബോഡിയും തിരഞ്ഞെടുപ്പും.സട്ടന്‍ കോള്‍ഡ്‌ ഫീല്‍ഡിലെ ഫെല്ലോഷിപ്പ് ഹാളില്‍ യു കെയിലെ അങ്ങോളമിങ്ങോളമുള്ള അസോസിയേഷന്‍ പ്രതിനിധികള്‍ നിറഞ്ഞു കവിഞ്ഞതു തന്നെ യുക്മയെക്കുറിച്ച് യു കെ മലയാളികള്‍ എത്രമാത്രം പ്രതീക്ഷ വച്ചു പുലര്‍ത്തുന്നുവേന്നതിന്റെ ഉത്തമ ദൃഷ്ട്ടാന്തം ആയിരുന്നു.ചുരുക്കം ചിലര്‍ ഉയര്‍ത്തിയ ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ ഒഴിച്ചാല്‍ ഇന്നലെ കണ്ടത് ഒരേ കുടക്കീഴില്‍ അണിനിരന്ന സംഘടനയെയായിരുന്നു.വിഡ്ഢിവേഷക്കാരുടെ ആട്ടമെന്ന് പറഞ്ഞ് യുക്മയെ വിലകുറച്ചു കാണിച്ച പിന്തിരിപ്പന്‍ മാധ്യമങ്ങള്‍ സ്വയം വിഡ്ഢികളാവുന്ന കാഴ്ചയാണ് ഇന്നലെ ബര്‍മിംഗ്ഹാമില്‍ കണ്ടത്.ആ ചരിത്ര മണിക്കൂറുകള്‍ക്ക് സാക്ഷികളാവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞതില്‍ അങ്ങേയറ്റം സന്തോഷമുണ്ട്.

യുക്മ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എന്‍ ആര്‍ ഐ മലയാളി നടത്തിയ കവറേജും പ്രചരണവും യുകെയിലെ അസോസിയേഷനുകള്‍ ഏറ്റെടുക്കാന്‍ തയ്യാറായി എന്നതില്‍ ഞങ്ങള്‍ക്ക് തികച്ചും അഭിമാനമുണ്ട്.ഇലക്ഷന്‍ സംബന്ധിച്ച വാര്‍ത്തകളും മറ്റും ഏറ്റവും പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ഏക മാധ്യമം എന്‍ ആര്‍ ഐ മലയാളിയാണ്.തികച്ചും ജനാതിപത്യ രീതിയില്‍ സുതാര്യമായി ജനപങ്കാളിത്തത്തോടെ നടന്ന തിരഞ്ഞെടുപ്പ് ഒരു പക്ഷെ സംഘാടകര്‍ പ്രതീക്ഷിച്ചതിലും ഭംഗിയായി നടന്നുവെന്നു വേണം പറയാന്‍.ആതിഥ്യം വഹിച്ച ബര്‍മിംഗ്ഹാം മലയാളി അസോസിയേഷനും റിട്ടേണിങ് ഓഫീസര്‍ ആയിരുന്ന ജഗദീഷ്‌ നായരും തികഞ്ഞ അച്ചടക്കത്തോടെ പങ്കെടുത്ത അംഗ സംഘടനകളും അഭിനന്ദനമര്‍ഹിക്കുന്നു.

വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച മികവുറ്റ നേതൃത്വം തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.അതുകൊണ്ടു തന്നെ യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ ഈ കഴിവു പ്രകടമാക്കണം.മുന്‍ കാലങ്ങളിലേതു പോലെ മൈക്ക് കിട്ടുമ്പോള്‍ മാത്രം ഘോരഘോരം പ്രസംഗിക്കുകയും പ്രവൃത്തിയില്‍ കാര്യമായോന്നും കാണാതിരിക്കുകയും ചെയ്യുന്ന പ്രവണത മാറിയെ തീരൂ.യു കെ മലയാളികള്‍ക്ക് വേണ്ടത് പ്രസംഗമല്ല.മറിച്ച് പ്രവര്‍ത്തിയാണ്.കഴിഞ്ഞ ഭരണസമിതിയെ അപേക്ഷിച്ച് ഇത്തവണ കാലാവധി കുറവാണെന്ന കാര്യം കൂടി കണക്കില്‍ എടുക്കേണ്ടതുണ്ട്‌.

വ്യക്തമായ നയപരിപാടികള്‍ ആവിഷ്ക്കരിച്ച് അംഗ സംഘടനകളെ വിശ്വാസത്തില്‍ എടുത്ത് സമയബന്ധിതമായി നടപ്പിലാക്കാന്‍ യുക്മ നേതൃത്വത്തിന് കഴിയണം.വിജയാലസ്യത്തില്‍ ഒളി മങ്ങാതെ നേതൃത്വത്തിന്‍റെ ഈ നിമിഷം മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങണം.നാഷണല്‍ കമ്മിറ്റിയിലെ ഓരോ അംഗങ്ങളുടെയും പ്രാഗത്ഭ്യം മനസിലാക്കി ഉത്തരവാദിത്വങ്ങള്‍ വിഭജിച്ചു കൊടുത്തുകൊണ്ട് വേണം.കാര്യങ്ങള്‍ നടപ്പിലാക്കാന്‍.നിശ്ചിത ഇടവേളകളില്‍ വീഡിയോ കോണ്‍ഫറന്‍സ് തുടങ്ങിയ ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മീറ്റിംഗ് കൂടുകയും പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും ചെയ്യണം.

യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വലിയ വിലങ്ങുതടിയായ പണം കണ്ടെത്താന്‍ എന്തു മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന വ്യക്തമായ ധാരണ കമ്മിറ്റിയ്ക്ക് ഉണ്ടാവണം.കമ്മിറ്റി അംഗങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്തു കാര്യങ്ങള്‍ നടത്തുന്ന പഴയ രീതി മാറണം.യുക്മ ഒരു ദേശീയ സന്ഘട്നയാനെന്ന കാര്യം അതേ ഗൌരവവത്തില്‍ തന്നെയെടുക്കണം.ചാരിറ്റി ഫണ്ട് വാങ്ങുന്നതിനായി സംഘടനയ്ക്കുള്ള ചാരിറ്റി രെജിസ്ട്രേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം.അതോടൊപ്പം സംഘടനയെ സഹായിക്കാന്‍ മനസുള്ള സ്പോണ്സര്‍മാരെ കണ്ടെത്തണം.ഇതിന് നേതാക്കന്മാരുടെ വ്യക്തിബന്ധങ്ങളും പ്രയോജനപ്പെടുത്താം.

രാഷ്ട്രിയ പാര്‍ട്ടികളുടെ പിണിയാളുകളാവാന്‍ യുക്മ നേതൃത്വത്തിലെ ആരെയും അനുവദിക്കരുത്.ഇന്നലെ നടന്ന ജെനറല്‍ ബോഡിയില്‍ ക്ഷണം സ്വീകരിക്കാതെയെത്തിയ അന്‍പതോളം പേരില്‍ ഒരാളെ മാത്രം പുറത്താക്കിയത് മുന്‍ കമ്മിറ്റിയിലെ ഒരാള്‍ക്കുണ്ടായിരുന്ന രാഷ്ട്രിയ വൈരാഗ്യം കൊണ്ടു മാത്രമാണെന്ന് പകല്‍ പോലെ വ്യക്തമാണ്.ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് യുക്മയുടെ യശസിന് കളങ്കം ചാര്‍ത്തുമെന്നതിനാല്‍ രാഷ്ട്രിയ താല്‍പ്പര്യങ്ങള്‍ ഉള്ളവരെ സംഘടനയുടെ ഏഴയലത്തു പോലും അടുപ്പിക്കരുത്.ഇക്കാര്യത്തില്‍ ഉറച്ച തീരുമാനമെടുക്കാന്‍ യുക്മ നേതൃത്വത്തിന് കഴിയണം.

യുക്മയുടെ വളര്‍ച്ചയില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌.എങ്കിലും എല്ലാ മാധ്യമങ്ങളുമായി സമദൂരം പാലിക്കാന്‍ നേതൃത്വം തയ്യാറാവണം.യുക്മയിലെ വാര്‍ത്തകള്‍ നേതാക്കന്മാര്‍ തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്ന രീതി മാറണം.ഇന്നലെ വരെ യുക്മയെ തൊട്ടുകൂടാത്തവരായി കണക്കാക്കി കണക്കറ്റ് ചീത്ത വിളിച്ചതിനു ശേഷം യുക്മയുടെ ജനപ്രീതി കണ്ട് മൂടും താങ്ങി വരുന്നവരുടെ താല്‍പ്പര്യങ്ങള്‍ നേതൃത്വം തിരിച്ചറിയണം.നിലപാടുകളില്‍ സംഘടനയ്ക്ക് കൂട്ടുത്തരവാദിത്വം വേണം.ഓരോ ഭാരവാഹിയും ഓരോ മാധ്യമങ്ങളിലൂടെ തങ്ങളുടെ പെരടിച്ചു വരാന്‍ പ്രസ്താവനകള്‍ നല്‍കാതെ സന്ഘ്ടനയുടെതായ നിലപാട് പി ആര്‍ ഒ വഴി വേണം മാധ്യമങ്ങളിലെത്താന്‍.

ഇനിയുള്ള ഒരു വര്‍ഷം യു കെ മലയാളികള്‍ കാണേണ്ടത്,അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി,അവ നേടാനായി ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന ഒരു യുക്മ നേതൃത്വത്തെയാണ്.യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ സംശയത്തോടെ വീക്ഷിക്കുന്ന,യുക്മയില്‍ ചേരാതെ മാറി നില്‍ക്കുന്ന സംഘടനകളെ,മികച്ച പ്രവര്‍ത്തന മാതൃകയിലൂടെ ഒരേ കുടക്കീഴില്‍ അണിനിരത്താന്‍ യുക്മ നേതൃത്വത്തിന് കഴിയണം.
ഇതിനു വേണ്ടി പക്ഷപാതമില്ലാതെ നല്ലത് നല്ലതെന്നു പറഞ്ഞും,തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും ഒരു മാധ്യമമെന്ന നിലയില്‍ എന്‍ ആര്‍ ഐ മലയാളി പ്രവര്‍ത്തിക്കും.യുക്മയിലെ ആള്‍ക്കൂട്ടം കണ്ട് ഒരു സുപ്രഭാതത്തില്‍ സപ്പോര്‍ട്ട് ചെയ്യുന്നവരല്ല ഞങ്ങള്‍,മറിച്ച് യുക്മ എന്ന ആശയത്തിന്റെ പ്രാധാന്യം മനസിലാക്കി ആദ്യകാലം മുതല്‍ സംഘടനയെ(നേതാക്കന്മാരെയല്ല) സപ്പോര്‍ട്ട് ചെയ്തവരാണ് ഞങ്ങള്‍.

യുക്മയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അംഗ അസ്സോസിയെഷനുകള്‍ക്കുള്ള അഭിപ്രായങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.