സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് ഭീകരാക്രമണം, അക്രമി 52 കാരനായ ബ്രിട്ടീഷുകാരനെന്ന് കണ്ടെത്തല്‍, ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തു. ഖാലിദ് മസൂദ് എന്ന 52 കാരനാണ് നാലു പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയതെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇയാള്‍ തീവ്രവാദി ആശയങ്ങളുമായി ബന്ധമുണ്ടായിറ്റുന്ന ആളാണെന്ന് പ്രധാനമന്ത്രി തെരേസാ മേയ് വ്യക്തമാക്ക്ഇ.
നേരത്തെ അക്രമി ബ്രിട്ടീഷ് പൗരനാണെന്നും ഇയാളെക്കുറിച്ചുള്ള വിവരം നേരത്തെ രഹസ്യന്വേഷണ വിഭാഗത്തിനു ലഭിച്ചിരുന്നുവെന്നും തെരേസ മേ പാര്‍ലമെന്റില്‍ പ്രസ്താവിച്ചിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴുപേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. 29 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് വെടിവെപ്പില്‍ അക്രമി കൊല്ലപ്പെടുകയും ചെയ്തു.
ആക്രമണത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ടയാള്‍ മാത്രമാണെന്ന് പോലീസ് വൃത്തങ്ങള്‍ സമ്മതിക്കുമ്പോള്‍ തന്നെ അന്താരാഷ്ട്ര തീവ്രവാദ പ്രസ്ഥാനങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. മരിച്ച നാലു പേരില്‍ ഒരു അമേരിക്കക്കാരനും സ്പാനിഷ് വംശജയായ ഒരു ബ്രിട്ടീഷുകാരിയും മസൂദ് വെസ്റ്റ്മിനിസ്റ്റര്‍ പാലത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റിയപ്പോഴാണ് കൊല്ലപ്പെട്ടത്.
തുടര്‍ന്ന് കാറില്‍നിന്ന് ഇറങ്ങി പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഓടിയ മസൂദ് തടയാന്‍ ശ്രമിച്ച പോലീസുകാരനെ കുത്തി വീഴ്ത്തി. പരുക്കേറ്റ നാലാമത്തെയാള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മസൂദിനെ സുരക്ഷാ സൈനികര്‍ വെടിവച്ചിടുകയായിരുന്നു. അക്രമി ഉപയോഗിച്ച ഹ്യൂണ്ടയ് കാര്‍ ബര്‍മിങ്ഹാം മേഖലയില്‍നിന്നു വാടകയ്‌ക്കെടുത്താണെന്നു സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയുധധാരികളായ പൊലീസുകാര്‍ ബര്‍മിങ്ങാമില്‍ വ്യപകമായി റെയ്ഡ് നടത്തി. അതിനിടെ ബ്രിട്ടീഷ് പാര്‍ലമെന്റിനെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഭീകരസംഘടനയായ ഐഎസിന്റെ വാര്‍ത്ത ഏജന്‍സിയിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല