സ്വന്തം ലേഖകന്‍: ഇറാഖി സൈന്യത്തെ ഉന്നംവച്ച് ദേഹം മുഴുവന്‍ ബോംബുമായി ഏഴു വയസുകാരന് ചാവേര്‍, രക്ഷിക്കാന്‍ പരക്കംപാഞ്ഞ് പട്ടാളക്കാര്‍. ഏറെ പണിപ്പെട്ടാണ് ഇസ്ലാമിക് സ്റ്റേറ്റ് അയച്ച ഏഴു വയസുകാരനായ കുട്ടി ചാവേറിനെ ഇറാഖ് സൈന്യം രക്ഷപ്പെടുത്തിയത്. ദേഹം മുഴുവന്‍ ഉഗ്ര സ്ഫോടന ശേഷിയുള്ള ബോംബുകള്‍ ചുറ്റി ഫുട്ബോള്‍ ജഴ്സിയും അണിയിച്ചാണ് ഭീകരര്‍ കുരുന്നു ചാവേറിനെ അയച്ചത്.
ഇറാഖി സൈനികര്‍ കുട്ടി ചാവേറിനെ കണ്ടെത്തി ബോംബുകള്‍ നിര്‍വീര്യമാക്കുന്ന ദൃശ്യങ്ങള്‍ ഇതിനകം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ബ്രിട്ടീഷ് ഫുട്ബോള്‍ ക്ലബായ ചെല്‍സിയുടെ ജഴ്സി അണിയിച്ചാണ് കുട്ടിയെ സൈന്യത്തിന്റെ ഇടയിലേക്ക് ഐഎസ് അയച്ചത്. കുട്ടിയുടെ പിന്‍ഭാഗത്ത് എന്തോ മുഴച്ചു നില്ക്കുന്നതു കണ്ട് സൈനികര്‍ പരിശോധന നടത്തിയതാണ് ഐഎസിന്റെ ഭീകര പദ്ധതി തകര്‍ത്തത്.
ഒരു വിധം കുട്ടിയെ ആശ്വസിപ്പിച്ച് ഉത്കണ്ഠ നിറഞ്ഞ മണിക്കൂറുകള്‍ക്കു ശേഷമാണ് പട്ടാളക്കാര്‍ ബോംബുകള്‍ അഴിച്ചുമാറ്റിയത്. ഉദയ് എന്നാണ് പേരെന്നും അങ്കിളാണ് തന്നെ സൈന്യത്തിന്റെ അടുത്തേക്ക് തന്നെ അയച്ചതെന്നും കുട്ടി പറയുന്ന രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും സൈന്യം പുറത്തുവിട്ടു. ഇറാഖി സൈന്യം പിടികൂടിയതില്‍ ഏറ്റവും പ്രായം കുറഞ്ഞ ചാവേറാണ് കുട്ടിയെന്ന് ഇറാഖി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല