സ്വന്തം ലേഖകന്‍: തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്, ജയലളിതയുടെ രണ്ടില ആര്‍ക്കുമില്ല, തൊപ്പിവച്ച് ശശികലയും പോസ്റ്റിലേറി പനീര്‍ ശെല്‍വവും. മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ ആര്.കെ. നഗര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ.യിലെ ശശികല, ഒ. പനീര്‍ശെല്‍വം വിഭാഗങ്ങള്‍ക്കു പുതിയ പേരും ചിഹ്നവും ലഭിച്ചു. ശശികലവിഭാഗം എ.ഐ.എ.ഡി.എം.കെ.(അമ്മ) എന്ന പേരിലും പനീര്‍ശെല്‍വം വിഭാഗം എ.ഐ.എ.ഡി.എം.കെ. (പുരട്ചി തലൈവി അമ്മ) എന്ന പേരിലുമാണ് ജനവിധി തേടുക. ശശികലപക്ഷത്തിനു തൊപ്പിയും പനീര്‍ശെല്‍വം പക്ഷത്തിനു വൈദ്യുതിത്തൂണുമാണ് ചിഹ്നമായി തിരഞ്ഞെടുപ്പുകമ്മിഷന് അനുവദിച്ചത്.
എഐഎഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ ‘രണ്ടില’ അവകാശപ്പെട്ട് ഇരുപക്ഷവും രംഗത്തെത്തിയതിനെ തുടര്‍ന്ന് രണ്ടില ചിഹ്നം തെരഞ്ഞെടുപ്പു കമ്മിഷന് ഇന്നലെ മരവിപ്പിക്കുകയും ഇരുകൂട്ടര്‍ക്കും പുതിയ പേരും മൂന്ന് സ്വതന്ത്ര ചിഹ്നങ്ങളും നിര്‍ദേശിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 12 ന് ജയലളിതയുടെ മണ്ഡലമായ ആര് കെ നഗറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ശശികല പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനും, ഒപിഎസ് പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി എഐഎഡിഎംകെ മുന്‍ പ്രിസീഡിയം ചെയര്മാന് ഇ.മധുസൂദനുമാണ് മത്സരിക്കുന്നത്.
എം.ജി.ആറിന്റെ മരണത്തെത്തുടര്‍ന്ന് പാര്‍ട്ടി പിളര്‍ന്നതിനുശേഷം നടന്ന 1989ലെ തിരഞ്ഞെടുപ്പിലും ഇത്തരത്തില്‍ രണ്ടില ചിഹ്നം മരവിപ്പിച്ചിരുന്നു. ജയലളിത വിഭാഗത്തിനു പൂവന്‍കോഴി ചിഹ്നവും ജാനകിരാമചന്ദ്രന് വിഭാഗത്തിന് ഇരട്ടപ്രാവ് ചിഹ്നവുമാണ് അന്ന് കിട്ടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല