1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2017

 

സ്വന്തം ലേഖകന്‍: അങ്കമാലി ഡയറീസില്‍ ‘ഇവരെ സൂക്ഷിക്കുക’ ബോര്‍ഡില്‍ മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ചിത്രം, രംഗം നീക്കം ചെയ്യണമെന്ന ആവശ്യവുമായി മകള്‍ ആമി. ജോ ജോസ് പല്ലിശ്ശേരിയുടെ കട്ട ലോക്കല്‍ ഹിറ്റ് പടം അങ്കമാലി ഡയറീസിലെ പൊലീസ് സ്‌റ്റേഷന്‍ സീനുകളില്‍ അമ്മയും തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവുമായ ഷൈനയുടെ ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരെ മകള്‍ ആമി. അങ്കമാലി പൊലീസ് സ്റ്റേഷനായി സിനിമയില്‍ കാണിച്ചിരിക്കുന്ന പൊലീസ് സ്റ്റേഷനിലെ ‘ഇവരെ സൂക്ഷിക്കുക’ എന്ന തലവാചകമുള്ള നോട്ടീസ് ബോര്‍ഡില്‍ രവിയുടെയും രാജന്റെയും മറ്‌റും ചിത്രങ്ങള്‍ക്കൊപ്പം, നല്ല വ്യക്തതയുള്ള എന്‍ലാര്‍ജ് ചെയ്ത ഷൈനയുടെ ചിത്രവും കാണാം, മൂന്നു സീനുകളില്‍. ശാന്ത എന്ന പേരിലാണ് ഫോട്ടോ.

കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ എല്ലാ സാമൂഹിക ബന്ധങ്ങളേയും തകര്‍ത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ജീവിതം തന്നെ മാറ്റിവച്ച ചുരുക്കം ചില സ്ത്രീകളില്‍ ഒരാളാണു ഷൈന. ഈ സഖാവിനെ ‘ഇവരെ സൂക്ഷിക്കുക’ എന്ന ലേബലില്‍ ഗുണ്ടകളുടെ ഫോട്ടോകള്‍ക്കൊപ്പം ദ്വയാര്‍ത്ഥം വരുന്ന രീതിയില്‍ ‘ശാന്ത’ എന്ന പേരു നല്‍കി അധിക്ഷേപിച്ചിരിക്കുകയാണ്. രംഗങ്ങള്‍ സിനിമയില്‍നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ആമി ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

ആമിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സ.ഷൈനയുടെ ഫോട്ടോ ഈ സിനിമയില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് പല സുഹൃത്തുക്കളും അറിയിച്ചിട്ടുണ്ടായുന്നെങ്കില്‍ പോലും കഴിഞ്ഞ ദിവസമാണു എനിക്ക് സിനിമ കാണാന്‍ കഴിഞ്ഞത്. സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളായ ക്വട്ടേഷനും ഗുണ്ടാപിരിവും ഭീക്ഷണിയും കഞ്ചാവ് വില്‍പനയുമൊക്കെയായി നടക്കുന്ന രവിയുടേയും രാജന്റേയും ഗുണ്ടാ പ്രവര്‍ത്തനങ്ങളുടെ ഭീകരത വെളിവാക്കാന്‍ ഉപയോഗിച്ച സീനുകളുടെ തുടക്കം തന്നെ അങ്കമാലി പോലീസ് സ്റ്റേഷനെന്ന് സിനിമയില്‍ കാണിക്കുന്ന പോലീസ് സ്റ്റേഷനകത്ത് രവിയുടേയും രാജന്റേയും മറ്റു ചിലരുടേയും ചിത്രം പതിച്ചിട്ടുള്ള ‘ഇവരെ സൂക്ഷിക്കുക’ എന്ന തലവാചകമുള്ള നോട്ടീസ് ബോര്‍ഡില്‍ അവരുടെ ചിത്രങ്ങള്‍ക്ക് സമീപം ‘ശാന്ത’ എന്ന പേരോടു കൂടി നല്ല ക്ലാരിറ്റിയുള്ളതും എന്‍ലാര്‍ജ് ചെയ്തതുമായ സ. ഷൈനയുടെ ഫോട്ടോ പതിച്ചിട്ടുണ്ട്. ഇത് മൂന്നു സീനുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

തിരക്കഥാകൃത്തും സംവിധായകനും മറ്റു അണിയറ പ്രവര്‍ത്തകരും സമൂഹത്തെക്കുറിച്ച് എന്ത് കാഴ്ച്ചപ്പാടാണു വെച്ചു പുലര്‍ത്തുന്നത് എന്ന് അത്ഭുതപ്പെടുത്തുന്നു. സ. ഷൈന എന്ന സ്ത്രീ 20 നു മുകളില്‍ കള്ളക്കേസുകള്‍ ചുമത്തപ്പെട്ട് വിചാരണത്തടവുകാരിയായി കഴിഞ്ഞ 2 വര്‍ഷമായി കേരളത്തിലേക്ക് ജയില്‍മാറ്റം പോലും ലഭിക്കാതെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഗുണ്ടായിസമോ വ്യക്തിവൈരാഗ്യം മൂലമുള്ള നശീകരണങ്ങളോ അല്ല സഖാവിനു മേലുള്ള കുറ്റം. മറിച്ച്, മര്‍ദിതരെ നിര്‍മ്മിക്കുന്ന നിലനില്‍ക്കുന്ന ഈ ജീര്‍ണ്ണിച്ച ചൂഷക വ്യവസ്ഥിതിയെ തകര്‍ത്തെറിഞ്ഞ് സമത്വാധിഷ്ഠിതമായ ലോകത്തിനായ് പ്രവര്‍ത്തിച്ചു എന്നതിനാണ്.

കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ എല്ലാ സാമൂഹിക ബന്ധങ്ങളേയും തകര്‍ത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിനായ് ജീവിതം തന്നെ മാറ്റിവെച്ച ചുരുക്കം ചില സ്ത്രീകളില്‍ ഒരാളാണു സ. ഷൈന. ഈ സഖാവിനെ ‘ഇവരെ സൂക്ഷിക്കുക’ എന്ന ലേബലില്‍ ഗുണ്ടകളുടെ ഫോട്ടോകള്‍ക്കൊപ്പം ദ്വയാര്‍ത്ഥം വരുന്ന രീതിയില്‍ ‘ശാന്ത’ എന്ന പേരു നല്‍കി അധിക്ഷേപിച്ചിരിക്കുകയാണു. സ.ഷൈനയെ കോയമ്പത്തൂരിലെ സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് ചെയ്ത കോയമ്പത്തൂര്‍ സെഷന്‍സ് കോടതി വരെ ഷൈനയുള്‍പ്പെടുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ മനുഷ്യ നന്മക്ക് വേണ്ടി നിലകൊള്ളുന്നവരാണെന്നാണു പറഞ്ഞിട്ടുള്ളത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒരാളെ കുറ്റവാളിയെന്നു പോലും തെളിയുന്നതിനു മുന്‍പ് തന്നെ പരസ്യമായി ഇവരെ സൂക്ഷിക്കേണ്ടവരാണെന്ന് മുദ്രകുത്തുകയാണു സിനിമയിലൂടെ അതിന്റെ നിര്‍മ്മാതാക്കള്‍ ചെയ്തിരിക്കുന്നത്. ഇതു കേവലം യാദൃശ്ചികതയായി കാണാവുന്ന ഒന്നായി തോന്നുന്നില്ല.

ഈ സാഹചര്യത്തില്‍ ഈ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അഡ്വ. ലൈജു വഴി വക്കീല്‍ നോട്ടീസ് അയക്കാന്‍ ഷൈന ആവശ്യപ്പെട്ടിട്ടുണ്ട്. നീക്കം ചെയ്യാത്ത പക്ഷം ഈ മാസം 30 നു വയനാട് കോടതിയില്‍ അഡ്വ. ലൈജു മുഖാന്തരം നേരിട്ട് ക്രിമിനല്‍ ഡിഫമേഷന്‍ ഫയല്‍ ചെയ്യാനും ഷൈന അറിയിച്ചിട്ടുണ്ട്. സ.ഷൈനയുടെ സുഹൃത്തുക്കളും സഖാക്കളും ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.