സ്വന്തം ലേഖകന്‍: ആറു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം മുന്‍ ഈജിപ്ത്യന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്ക് ജയില്‍ മോചിതനായി, തെളിവില്ലെന്ന് കോടതി. 2011 ലെ പ്രക്ഷോഭത്തില്‍ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്ത കേസില്‍ കോടതി മുബാറക്കിനെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടതോടെയാണ് അദ്ദേഹം ജയില്‍ മോചിതനായത്. 2012 ലാണ് കോടതി മുബാക്കിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. എന്നാല്‍ പിന്നീട് മേല്‍ കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ഈ അന്വേഷണത്തിന് ശേഷമാണ് മതിയായ തെളിവില്ലെന്ന് കണ്ടെത്തി കോടതി മുബാറക്കിനെ വെറുതെ വിടുന്നത്. 2011 ല്‍ 18 ദിവസത്തിലധികം നീണ്ടു നിന്ന ഭരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ കൂട്ടക്കൊലയില്‍ ഈജിപ്തിലെ ഏകാധിപതിയായിരുന്ന ഹോസ്‌നി മുബാറക്കിനും പങ്കുണ്ടെന്നായിരുന്നു കേസ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അഴിമതി കേസുകളില്‍ ഹോസ്‌നി മുബാറക്കിനും മക്കളായ അലാ മുബാറക്കിനും ഗമാല്‍ മുബാറക്കിനും കോടതി തടവ് വിധിച്ചിരുന്നു.
പ്രസിഡന്‍ഷ്യല്‍ പാലസ് നവീകരിക്കുന്നതിന് നീക്കിവെച്ച 1.14 കോടി അപഹരിച്ചെന്നായിരുന്നു ഇവര്‍ക്കെതിരായ കേസ്. 2011 ലെ ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഹോസ്‌നി മുബാറക്കിന് സ്ഥാനം ഒഴിയേണ്ടി വരുന്നത്. തുടര്‍ന്ന് അധികാരത്തിലെത്തിയ മുഹമ്മദ് മുര്‍സിയുടെ ഭരണകാലത്തായിരുന്നു ഇദ്ദേഹത്തിനെതിരെ വിചാരണയ്ക്ക് ഉത്തരവിടുന്നത്.
മുബാറക്കിനെ ജയില്‍ മോചിതനാക്കാന്‍ മുര്‍സിയുടെ മുസ്‌ലിം ബ്രദര്‍ഹുഡ് സര്‍ക്കാരിന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഒരു ലക്ഷം കോടി ഡോളര്‍ നല്‍കാമെന്ന് പറഞ്ഞിരുന്നതായി വിക്കീലീക്ക്‌സ് നേരത്തെ പുറത്തു വിട്ടിരുന്നു. 32വര്‍ഷം ഈജിപ്ത് അടക്കി ഭരിച്ച 88 കാരനായ മുബാറക് അറസ്റ്റിലായശേഷം ആരോഗ്യ പ്രശ്‌നങ്ങളാല്‍ സൈനിക ആശുപത്രിയിലാണ് കഴിഞ്ഞിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല