സ്വന്തം ലേഖകന്‍: സംവിധായകന് വിനയനെ വിലക്കിയ സംഭവത്തില്‍ അമ്മക്കും ഫെഫ്കക്കും പിഴ, സിനിമാരംഗത്തെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള തന്റെ യുദ്ധം വിജയിച്ചതായി വിനയന്. അപ്രഖ്യാപിത വിലക്ക് നേരിട്ടതുമായി ബന്ധപ്പെട്ട് വിനയന് നല്കിയ പരാതിയിന്മേല് കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്. അമ്മ നാല് ലക്ഷവും ഫെഫ്ക്ക 81000 രൂപയും പിഴയൊടുക്കുന്നതിന് പുറമെ നടന് ഇന്നസെന്റ്, ഇടവേള ബാബു, ബി ഉണ്ണികൃഷ്ണന്, സിബിമലയില്‍ കെ മോഹനന് എന്നിവരും പിഴയൊടുക്കണം.
ഇന്നസെന്റ് 51000 രൂപയും സിബി മലയില്‍ 61000 രൂപയും പിഴ കെട്ടിവക്കേണ്ടിവരും. തന്റെ നിലപാടുകള്‍ തന്നെയായിരുന്നു ശരിയെന്ന് വിധിയുടെ പശ്ചാത്തലത്തില്‍ വിനയന് പ്രതികരിച്ചു. സിനിമാരംഗത്തെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള തന്റെ യുദ്ധം വിജയിച്ചു എന്നതിന് തെളിവാണ് ഈ വിധിയെന്നും തന്റെ നിലപാടുകള്‍ സത്യമായിരുന്നെന്നും വിനയന് കൂട്ടിച്ചേര്‍ത്തു.
അധികമാരും സമീപിക്കാത്ത ഒരു കേന്ദ്ര ഏജന്‍സിയുടെ സമീപത്താണ് ഞാന്‍ നീതി തേടി ചെന്നത്. എന്റെ എട്ടുവര്‍ഷം നശിപ്പിച്ചവരോട് എനിക്കു പറയാനുള്ളത് ഇതാണ് വിനയന് പറഞ്ഞതായിരുന്നു ശരി അല്ലാതെ സൂപ്പര്‍താരം പറഞ്ഞതായിരുന്നില്ല എന്ന് ഈയൊരു രാത്രിയെങ്കിലും നിങ്ങള്‍ ഓര്‍ക്കണമെന്നുള്ള അഭ്യര്‍ഥന മാത്രമാണ്. ഇവിടുത്തെ വലിയ നേതാക്കളോടും മന്ത്രിമാരോടുപോലും എനിക്ക് പറയാനുള്ളത് ഇതുതന്നെയാണ്. ആരുടെയും പേരെടുത്ത് പറയുന്നില്ലെന്ന പറഞ്ഞുകൊണ്ട് വിനയന് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല