സ്വന്തം ലേഖകന്‍: ലണ്ടന്‍ ഭീകരാക്രമണം, ബ്രിട്ടന് മുഴുവന്‍ വലവിരിച്ച് പോലീസ്, അക്രമി ഖാലിദ് മസൂദിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച ലണ്ടനില്‍ പാര്‍ലമെന്റ് മന്ദിര പരിസരത്ത് നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി അറസ്റ്റു ചെയ്തതായി മെട്രോപ്പൊലിറ്റന്‍ പോലീസ് അറിയിച്ചു. നേരത്തെ എട്ടുപേരെ പിടികൂടിയിരുന്നു. ഇതില്‍ ഒരു സ്ത്രീയെ ജാമ്യത്തില്‍ വിട്ടു. ഇനി ഒന്‍പതു പേര് കസ്റ്റഡിയിലുണ്ട്.
അതിനിടെ ഭീകരാക്രമണം നടത്തിയ ഖാലിദ് മസൂദിന്റെ ചിത്രവും കൂടുതല്‍ വിവരങ്ങളും സ്കോട്ലന്ഡ് യാര്‍ഡ് പുറത്തുവിട്ടു. ഖാലിദ് മസൂദ് തീവ്രനിലപാടുകളില്‍ ആകൃഷ്ടനായത് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന സമയത്താണെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. 2005 മുതല്‍ നാലു വര്‍ഷത്തോളം ഇയാള്‍ സൗദിയിലെ യാന്ബുവില് ഇംഗ്ലീഷ് ടീച്ചറായി ജോലി ചെയ്യുകയും ഫര്‍ഹാന മാലിക്ക് എന്ന സ്ത്രീയെ വിവാഹം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. 2009 ല്‍ യുകെയില്‍ മടങ്ങിയെത്തിയ മസൂദ് ല്യൂട്ടണില്‍ ഒരു ടിഇഎഫ്എല് കോളജില്‍ സീനിയര്‍ ഇംഗ്ലീഷ് അധ്യാപകനായി.
2012 ല്‍ ബര്‍മിങ്ഹാമില്‍ സ്വന്തമായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന സ്ഥാപനം ആരംഭിച്ച ഇയാള്‍ക്ക് കിഴക്കന്‍ സസക്സിലെ റൈ നഗരത്തില്‍ സ്വന്തമായി ഒരു വീടുള്ളതായും പോലീസ് വ്യക്തമാക്കി. കെന്റില്‍ അഡ്രിയാന്‍ എലംസ് ആയി ജനിച്ച പ്രതി പിന്നീട് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത് മസൂദ് എന്ന പേരു സ്വീകരിക്കുകയായിരുന്നു. ഇയാള്‍ മറ്റു ചില പേരുകളും ഉപയോഗിച്ചിരുന്നു. നേരത്തെ നടന്ന ചില അക്രമങ്ങളുമായി ബന്ധപ്പെട്ട് മസൂദ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയായിരുന്നു.
ബുധനാഴ്ചത്തെ ആക്രമണത്തില്‍ അക്രമിയുള്‍പ്പെടെ അഞ്ചുപേര്‍ക്കാണു ജീവഹാനി നേരിട്ടത്. വാടകയ്ക്ക് എടുത്ത കാറിലാണു മസൂദ് വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തില്‍ ജനങ്ങളെ ഇടിച്ചുതെറിപ്പിച്ച് പാര്‍ലമെന്റ് മന്ദിരത്തിലെത്തിയത്. പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലുണ്ടായിരുന്ന പോലീസ് ഓഫീസര്‍ പാമറെ അക്രമി കുത്തിക്കൊലപ്പെടുത്തി. കാറിടിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സൗത്ത് ലണ്ടന്‍ സ്വദേശി ലസ്ലി റോഡ്സും (75) ഇന്നലെ മരിച്ചു. 43കാരിയായ അയിഷ ഫ്രെയ്ഡ്, അമേരിക്കന്‍ ടൂറിസ്റ്റ് കുര്‍ട് കൊച്റാന്‍ (54) എന്നിവര്‍ ബുധനാഴ്ച കൊല്ലപ്പെട്ടു. അക്രമി മസൂദ് പോലീസിന്റെ വെടിയേറ്റു മരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല