ലണ്ടന്‍: ഒ.ഐ.സി.സി യു.കെയുടെ ദേശീയ തല മെംബര്‍ഷിപ്പ് കാമ്പയിന് കെ.പി.സി.സി പ്രസിഡന്റ് ശ്രീ. രമേശ് ചെന്നിത്തല എം.എല്‍.എ ടെലഫോണ്‍ കോണ്‍ഫ്രന്‍സിലൂടെ നിര്‍വഹിച്ചു. ന്യൂ ഹാം കൗണ്‍സില്‍ മുന്‍ സിവിക് അംബാസിഡര്‍ ഡോ. ഓമന ഗംഗാധരന്, ആദ്യ മെംബര്‍ഷിപ്പ് ഈസ്റ്റ്ഹാമിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തമ്പിയ്ക്ക് നല്കി. ലണ്ടന്‍ ഈസ്റ്റ്ഹാമിലെ ഡഡ്സ്ബറി സെന്ററില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഒ.ഐ.സി.സി യു.കെ മെംബര്‍ഷിപ്പ് കാമ്പയിന് കമ്മറ്റി ചെയര്മാന് ഫ്രാന്‍സിസ് വലിയപറമ്പില്‍ അധ്യക്ഷനായിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും വീക്ഷണം എം.ഡിയുമായ ശ്രീ. ബെന്നി ബഹനാന് എം.എല്‍.എ, ശ്രീ. കെ.പി ധനപാലന് എം.പി, വര്‍ക്കല കഹാര്‍ എം.എല്‍.എ, ഒ.ഐ.സി.സിയുടെ ചാര്‍ജ് ഉള്ള കെ.പി.സി.സി സെക്രട്ടറി ശ്രീ. മാന്നാര്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ ടെലിഫോണ്‍ കോണ്‍ഫ്രന്‍സിലൂടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ലണ്ടനില്‍ തുടക്കമിടുന്ന മെംബര്‍ഷിപ്പ് കാമ്പയിന് യു.കെയില്‍ ഒ.ഐ.സി.സിയ്ക്ക് ശക്തമായ അടിത്തറ പാകുന്ന നിലയില്‍ അംഗങ്ങളെ ചേര്‍ക്കുവാന്‍ സാധിക്കട്ടെയെന്ന് ശ്രീ രമേശ് ചെന്നിത്തല ആശംസിച്ചു. പ്രവാസികളുടെ ക്ഷേമത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാരുകളാണ് കേന്ദ്രത്തിലും സംസ്ഥാനത്തിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിലവിലുള്ളതെന്ന് പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. ശക്തമായ ഒരു ഒ.ഐ.സി.സി കമ്മറ്റി താഴേതട്ടില്‍ നിന്നും കെട്ടിപ്പടുക്കാന്‍ സാധിച്ചാല്‍ ബ്രിട്ടണിലെ മലയാളി സമൂഹത്തിന് സഹായകരമായ നിരവധി കാര്യങ്ങള്‍ ചെയ്യുന്നത് സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സംസ്ക്കാരമുള്ക്കൊള്ളുന്ന എല്ലാവരും ഒ.ഐ.സി.സി അംഗത്വം സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കെ.എസ്.യു പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഓര്‍മ്മങ്ങള്‍ പങ്കുവച്ചാണ് ഡോ. ഓമന ഗംഗാധരന് പ്രസംഗിച്ചത്. അന്നത്തെ സംഘടനാ പ്രവര്‍ത്തനവും മറ്റും ബ്രിട്ടണിലെത്തിയപ്പോഴും പൊതുരംഗത്ത് ഏറെ മുതല്‍കൂട്ടായെന്ന് ഡോ.ഓമന വ്യക്തമാക്കി. പൊതുരംഗത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ള മലയാളികള്‍ ബ്രിട്ടണിലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗങ്ങളായി പൊതുരംഗത്ത് ശക്തമായ സാന്നിധ്യമാവണമെന്നും ഡോ. ഓമന അഭ്യര്‍ത്ഥിച്ചു. മലയാളി സമൂഹത്തിന്റെ ഈ രാജ്യത്തെ വളര്‍ച്ചയ്ക്ക് അത് ഏറെ ഗുണം ചെയ്യുമെന്നും ഡോ. ഓമന അഭിപ്രായപ്പെട്ടു.
പ്രവാസികള്‍ക്ക് ഏറെ സഹായകരമായ നിലപാടുകള്‍ സ്വീകരിക്കുവാന്‍ പോകുന്ന സര്‍ക്കാരാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ളതെന്ന് ശ്രീ. ബെന്നി ബഹനാന് എം.എല്‍.എ. പ്രവാസികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചത് ചൂണ്ടിക്കാട്ടി പ്രവാസി ലീഗല്‍ എയ്ഡ് രൂപീകരിക്കും, തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സഹായം നല്‍കുന്നതിനുള്ള പദ്ധതികള്‍ എന്നിങ്ങനെ ബജറ്റിലെ വിവിധ നിര്‍ദേശങ്ങളും എടുത്ത് പറഞ്ഞാണ് ശ്രീ ബെന്നി ബഹനാന് സര്‍ക്കാരിന്റെ പ്രവാസി അനുഭാവ നയങ്ങളെ പറ്റി വിശദമാക്കിയത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അതിനെപ്പറ്റി പ്രവാസി മലയാളികള്‍ക്കിടയില്‍ വ്യക്തമായ ധാരണ നല്‍കുന്നതിന് ഒ.ഐ.സി.സിയ്ക്ക് വലിയ പങ്കുവഹിക്കാനാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മെംബര്‍ഷിപ്പ് കാമ്പയിന് ഒരു വന്‍ വിജയമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
പ്രവാസി വോട്ടവകാശം പോലെ നിരവധി വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് എപ്പോഴും സഹായകരമാവുന്നത് പ്രവാസി മലയാളികളുടെ ആവശ്യങ്ങള്‍ നേരിട്ട് അറിയുമ്പോഴാണെന്ന് കെ.പി.ധനപാലന് എം.പി പറഞ്ഞു. പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളും അവരുടെ ആവശ്യങ്ങളുമെല്ലാം ജനപ്രതിനിധികളുടെ മുന്നില്‍ യഥാസമയം എത്തിക്കുന്നതിന് ഒ.ഐ.സി.സിയ്ക്ക് നിര്‍ണ്ണായകമായ പങ്ക് വഹിക്കാനാവുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ശക്തമായ ഒരു സംഘടനാ അടിത്തറയുണ്ടെങ്കില്‍ മാത്രമേ ജനകീയ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിന് സാധിക്കുകയുള്ളൂ എന്നും അതിനായി കോണ്‍ഗ്രസ് സംസ്ക്കാരമുള്ളവരുടെ കൂട്ടായ പ്രവര്‍ത്തനം അംഗത്വവിതരണതില് ഉണ്ടാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പ്രവാസി മലയാളികള്‍ എന്നും കേരളത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായ സംഭാവനകള്‍ നലികിയിട്ടുള്ളവരാണെന്ന് ശ്രീ വര്‍ക്കല കഹാര്‍ എം.എല്‍.എ. എങ്കിലും അതനുസരിച്ചുള്ള ഒരു പരിഗണന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും ലഭിക്കണമെങ്കില്‍ ശക്തമായ രീതിയില്‍ അവരുടെ ആവശ്യങ്ങള്‍ ജനപ്രതിനിധികളുടെയും മറ്റ് അധികാരികളുടെയും ഉന്നയിക്കുന്നതിന് ഒരു മികച്ച സംഘടന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി യു.കെയ്ക്ക് ബ്രിട്ടണിലെ പ്രവാസി മലയാളികളുടെ ശബ്ദമാകുവാന്‍ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
മെംബര്‍ഷിപ്പ് കാമ്പയിന് ഒരു വന്‍ വിജയമാക്കുന്നതിന് ബ്രിട്ടണിലെ മുഴുവന്‍ മലയാളികളുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് ഒ.ഐ.സി.സിയുടെ ചാര്‍ജ് ഉള്ള കെ.പി.സി.സി സെക്രട്ടറി ശ്രീ. മാന്നാര്‍ അബ്ദുള്‍ ലത്തീഫ് അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസ് സംസ്ക്കാരമുള്ളവരുടെ ഈ കൂട്ടായ്മയ്ക്ക് മാത്രമേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മുന്നില്‍ പ്രവാസി മലയാളികളുടെ ശബ്ദമാകുവാന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം സൂചിപ്പിച്ചു.
ഗിരി മാധവന് ആമുഖ പ്രഭാഷണം നടത്തി. ഒ.ഐ.സി.സി യു.കെയുടെ സംഘടനാ ഘടനയെക്കുറിച്ച് കെ.പി.സി.സി നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ എബി സെബാസ്റ്റ്യന്‍ വിശദീകരിച്ചു. മെംബര്‍ഷിപ്പ് വിതരണ ക്രമീകരണങ്ങളും മറ്റും കാമ്പയിന് കമ്മറ്റി അംഗം കെ.എസ്. ജോണ്സണ് വ്യക്തമാക്കി. കെ.കെ മോഹന്‍ദാസ്, തോമസ് പുളിക്കല്‍, ജെയ്സണ്‍ ജോര്‍ജ്, ടോണി ചെറിയാന്, ജിയോമോന് ജോസഫ്, നിഹാസ് റാവുത്തര്‍, ഷിബു ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് ശേഷം ഒ.ഐ.സി.സി കലാവിഭാഗം അവതരിപ്പിച്ച നിരവധി കലാപരിപാടികളും അരങ്ങേറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല