സ്വന്തം ലേഖകന്‍: യുഎസില്‍ നിന്ന് നാടുകടത്താനുള്ള അനധികൃത താമസക്കാരുടെ പട്ടികയില്‍ 271 ഇന്ത്യക്കാര്‍, ഇന്ത്യ യുഎസിനോട് വിശദീകരണം തേടും. അമേരിക്കയില്‍ അനധികൃതമായി താസമിക്കുന്ന 271 ഇന്ത്യക്കാരെ നാടുകടത്തുമെന്ന ട്രംപ് ഭരണകൂടത്തിന്റെ അറിയിപ്പ് ലഭിച്ചതായും നടപടി എടുക്കുന്നതിനു മുമ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ കൂടുതല്‍ വിശദീകരണം തേടിയതായും സുഷമ സ്വരാജ് പാര്‍ലമെന്റില്‍ ചോദ്യോത്തര വേളയില്‍ അറിയിച്ചു.
‘പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഇന്ത്യക്കാര്‍ തന്നെയാണെന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. എങ്ങനെയാണ് ഇത്തരമൊരു പട്ടിക വിശ്വസിക്കാന്‍ കഴിയുക. അവര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് ബോധ്യപ്പെട്ടാല്‍ അടിയന്തരമായി സര്‍ട്ടിഫിക്കറ്റ് നല്‍കും. അതിനായി അമേരിക്കന്‍ സര്‍ക്കാരിനോട് കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്,’ എന്നാല്‍ ട്രംപ് സര്‍ക്കാരില്‍ നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും’ സുഷമ പാര്‍ലമെന്റില്‍ അറിയിച്ചു.
ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചതും സമാനമായ മറ്റു സംഭവങ്ങള്‍ക്കും ശേഷം അവിടെയുളള ഇന്ത്യന്‍ പൗരന്മാരുടെ കാര്യത്തില്‍ ആശങ്ക വര്‍ദ്ധിച്ചിട്ടുണ്ടെന്നും സുഷമ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 2009 ലെ 130,000 ല്‍ നിന്ന് 2014 ല്‍ എത്തിയപ്പോള്‍ 500,000 മായി ഉയര്‍ന്നിട്ടുണ്ടെന്ന് വാഷിംഗ്ടണിലെ പ്യൂ റിസേര്‍ച് സെന്റര്‍ സെപ്തംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരും മറ്റ് ഏഷ്യന്‍ വംശജരും വീസ കാലാവധി കഴിഞ്ഞിട്ടും തുടരുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2015 സാമ്പത്തിക വര്‍ഷത്തില്‍ 12,885 ഇന്ത്യക്കാര്‍ ഇത്തരത്തില്‍ അമേരിക്കയില്‍ തങ്ങുന്നുതായാണ് പ്യൂ റിസേര്‍ചിന്റെ കണക്കുകള്‍. താത്ക്കാലിക എച്ച്1ബി വീസയില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാരാണ് പുതിയ ജോലിയും ജീവിതവും തേടി ഇന്ത്യയില്‍ നിന്ന് അമേരിക്കയില്‍ എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല