സ്വന്തം ലേഖകന്‍: മാസങ്ങളായി ശമ്പളവും മതിയായ ഭക്ഷണവുമില്ല, സുഷമാ സ്വരാജിനോട് സഹായം അഭ്യര്‍ഥിച്ച് ബഹ്റിനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ 500 ഓളം ഇന്ത്യക്കാര്‍. ശമ്പള കുടിശികയും ഭക്ഷണവും കിട്ടാതെ നരകിക്കുന്ന 500 ഇന്ത്യാക്കാരാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടിയത്. വിദേശകാര്യ മന്ത്രായത്തിന് ലഭിച്ച ഇവരുടെ പരാതിയില്‍ മാസങ്ങളായി ശമ്പളമോ ഭക്ഷണപ്പൊതികളോ കിട്ടുന്നില്ലെന്ന് വ്യക്തമാക്കുന്നു.
സാമൂഹ്യ മാധ്യമങ്ങള്‍ വഴി പരാതിയുമായെത്തിയ ഇവര്‍ ബഹറിനിലെ വിവിധ സ്വകാര്യ കമ്പനിയിലെ ജോലിക്കാരാണ്. തുടര്‍ച്ചയായി തങ്ങള്‍ക്ക് ജോലിയോ ശമ്പളമോ കിട്ടുന്നില്ലെന്നും ശമ്പളക്കുടിശ്ശിക മാസങ്ങളായി തുടരുകയാണെന്നും മിക്കവരും സമ്മതിക്കുന്നു. പരാതി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സുഷമാ സ്വരാജ് മനാമയിലെ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടുകയും ദുരിതമനുഭവിക്കുന്ന ഇന്ത്യാക്കാരെ സഹായിക്കാന്‍ എത്രയും പെട്ടെന്ന് ഇടപെടാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
വിഷയം വേഗത്തില്‍ പരിഹരിക്കാന്‍ പ്രാദേശിക ഭരണാധികാരികള്‍ക്ക് മുന്നില്‍ വെച്ചിട്ടുണ്ടെന്നാണ് എംബസിയുടെ പ്രതികരണം. സൗദി അറേബ്യന്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന 29 ഇന്ത്യാക്കാരുടെ കാര്യത്തില്‍ ഇടപെടണമെന്ന് തെലുങ്കാന സര്‍ക്കാര്‍ അപേക്ഷിച്ചതിന് പിന്നാലെയാണ് ബഹറിനില്‍ നിന്നും ഇന്ത്യക്കാര്‍ ഇതേ ആവശ്യവുമായി രംഗത്തെത്തിയത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യാക്കാര്‍ക്ക് ശമ്പള കുടിശികയും മതിയായ ഭക്ഷണപ്പൊതികളും ലഭിക്കാതെ കുടുങ്ങിപ്പോകുന്ന സംഭവങ്ങള്‍ അടുത്തകാലത്തായി പതിവു വാര്‍ത്തയാണ്. സൗദിയില്‍ ഇതേ കാരണങ്ങള്‍ക്കൊണ്ട് കുടുങ്ങിയ 800 ഓളം ഇന്ത്യക്കാരാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല