സ്വന്തം ലേഖകന്‍: മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാവാന്‍ ഒടിയന്‍ വരുന്നു, ഒപ്പം മോഹന്‍ലാലും മഞ്ജു വാര്യരും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഒടിയന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ഇന്ത്യന്‍ സിനിമയിലെ പ്രധാന താരവുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്റെ ആദ്യ സംവിധാന സംരഭമായ ഒടിയന്റെ രചന നിര്‍വഹിക്കുന്നത് ദേശീയഅവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ്.
മഞ്ജു വാര്യര്‍ ലാലിന്റെ നായികയായി എത്തുമ്പോള്‍ പ്രകാശ് രാജാണ് പ്രതിനായകന്‍. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ആക്ഷന്‍രംഗങ്ങളൊരുക്കുന്നത് പുലിമുരുകനിലെ രംഗങ്ങളൊരുക്കിയ പീറ്റര്‍ ഹെയ്ന്‍ ആണ്. പുലിമുരുകന്റെ ക്യാമറാമാന്‍ ഷാജികുമാറാണ് ഒടിയനെ ക്യാമറയില്‍ പകര്‍ത്തുക. ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്. എം.ജയചന്ദ്രന്‍ സംഗീതമൊരുക്കുന്നു. റഫീഖ് അഹമ്മദ്,ലക്ഷ്മി ശ്രീകുമാര്‍ എന്നിവരുടേതാണ് ഗാനങ്ങള്‍. ബാഹുബലി,കമീനേ,റങ്കൂണ്‍ എന്നിവയുടെ സൗണ്ട്ഡിസൈനര്‍ സതീഷാണ് ചിത്രത്തിന്റെ ശബ്ദലേഖനം. ഗോകുല്‍ദാസാണ് കലാസംവിധായകന്‍.
മിത്തും പ്രണയവും പ്രതികാരവും ഇഴചേര്‍ന്ന ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ അര നൂറ്റാണ്ടു കാലത്തെ കഥയാണ് ഒടിയനെന്ന് തിരക്കഥാകൃത്ത് സൂചന നല്‍കുന്നു. ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുകളാകും ചിത്രത്തിന്റെ പ്രത്യേകത എന്നാണ് റിപ്പോര്‍ട്ടുകള്‍. വി.എഫ്.എക്‌സിനു വേണ്ടി ഏറ്റവും കൂടുതല്‍ തുക ചെലവിടുന്ന ചിത്രവുമാകും ഇത്. വിദേശ സാങ്കേതിക വിദഗ്ദ്ധരാണ് വി.എഫ്.എക്‌സ് രംഗങ്ങളൊരുക്കുക. മെയ് 25 ന് ചിത്രീകരണം തുടങ്ങുന്ന ‘ഒടിയന്റെ’ പ്രധാന ലൊക്കേഷനുകള്‍ പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല