ലോറന്‍സ് പെല്ലിശ്ശേരി: ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ക്ക് ഗുരുസ്ഥാനീയനായ, യു.കെ യിലെ കഴിഞ്ഞ ആറ് വര്‍ഷത്തെ വൈദീക വൃത്തിക്ക് ശേഷം വിശ്രമ ജീവിതം നയിക്കാനായി നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന സക്കറിയാസച്ചന് ജി.എം.എ കഴിഞ്ഞ ശനിയാഴ്ച ഒരുക്കിയ യാത്രയയപ്പ് അച്ചനോടുള്ള അളവില്ലാത്ത സ്നേഹത്തിന്റേയും നന്ദിയുടെയും ഒരു പിടി നല്ല ഓര്‍മ്മകളുടെയും രേഖപ്പെടുത്തലായി മാറി. തിങ്ങി നിറഞ്ഞ സദസ്സ് മുഴുവനും അച്ഛന് ആയുരാരോഗ്യ സൗഖ്യം നേരുകയുണ്ടായി. മറുപടി പ്രസംഗത്തിനിടെ, ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ സ്നേഹവായ്പ്പിന് മുമ്പില്‍ ഒരു ഘട്ടത്തില്‍ വിതുമ്പലടക്കാന്‍ പാടുപെട്ടെങ്കിലും അച്ഛന്റെ സ്വതസിദ്ധമായ നര്‍മ്മ സംഭാഷണം ഓരോരുത്തരുടെയും ജീവിതം പരസ്പര സ്നേഹത്തില്‍ അധിഷ്ഠിതമാകേണ്ടതിന്റെയും അവശത അനുഭവിക്കുന്നവര്‍ക്കുള്ള സഹായഹസ്തമാകേണ്ടതിന്റെയും ആഹ്വാനമായി.
ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ മനസ്സില്‍ നിറപുഞ്ചിരി ബാക്കിയാക്കി കുഞ്ഞുപ്രായത്തില്‍ വിടപറഞ്ഞ അലീഷയുടെ പ്രത്യാശ പരത്തുന്ന ഓര്‍മ്മകള്‍ കൊണ്ടും ധന്യമായി ആ വേദി. കഴിഞ്ഞ ഫെബ്രുവരി 25 ന് അലീഷാ ദ് ലൈറ്റ് ഹൗസ് ഓഫ് ഹോപ് എന്ന ചാരിറ്റി ഇവന്റിലൂടെ ജി.എം.എ ചെല്‍ട്ടന്‍ഹാം യൂണിറ്റ് ശേഖരിച്ച £3046 പൗണ്ടിന്റെ ചെക്ക് ചടങ്ങില്‍ വച്ച് യു.കെ യിലെ മെയ്ക്ക് എ വിഷ് ചാരിറ്റി പ്രതിനിധിക്ക് കൈമാറുകയുണ്ടായി. സക്കറിയാസച്ചന്, അലീഷയുടെ അമ്മ ബീന രാജീവ്, ജി.എം.എ ചെല്‍ട്ടന്‍ഹാം യൂണിറ്റ് പ്രസിഡന്റ് ഡോ. ബീന ജ്യോതിഷ്, സെക്രട്ടറി സിബി ജോസഫ്, ഇവന്റിന് നേതൃത്വം കൊടുത്ത അലീഷയുടെ കൂട്ടുകാര്‍ എല്ലാം ചേര്‍ന്നാണ് സഹായ നിധി കൈമാറിയത്. മെയ്ക്ക് എ വിഷ് ചാരിറ്റി പ്രതിനിധിയുടെ നന്ദി പ്രകാശനം ജി.എം.എ യോടുള്ള ആദരവ് നിറഞ്ഞതായിരുന്നു. കുഞ്ഞു പ്രായത്തില്‍ തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായിരുന്ന അലീഷയുടെ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ക്ക് ജീവന് നല്കാന് തങ്ങള്‍ എന്നും കൂടെയുണ്ടാകുമെന്ന ഉറപ്പായിരുന്നു ആ അവസരത്തില്‍ അലീഷയുടെ കൂട്ടുകാര്‍ അമ്മ ബീന രാജീവിന് നല്കിയ സ്നേഹസമ്മാനം.
ജി.എം.എ യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ കേളികൊട്ടുണര്‍ത്തി കഴിഞ്ഞ ശനിയാഴ്ച തന്നെ രാവിലെ 9 മണിക്ക് ആരംഭിച്ച ഇന്‍ഡോര്‍ ആര്‍ട്സ് & ഗെയിംസിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും സക്കറിയാസ് അച്ഛന്റെ സാന്നിധ്യത്തില്‍ നിര്‍വ്വഹിക്കുകയുണ്ടായി. ജി.എം.എ എക്സിക്യൂട്ടീവ് മെമ്പര്‍ ബോബന് ജോസ് അവതാരകനായെത്തിയ ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി പോള്‍സണ്‍ ജോസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ടോം ശങ്കൂരിക്കല്‍ അധ്യക്ഷത വഹിക്കുകയും ട്രഷറര്‍ അനില്‍ തോമസ് നന്ദി പ്രകാശിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല