സ്വന്തം ലേഖകന്‍: ചാനല്‍ മിഴിതുറന്നത് ഗതാഗത മന്ത്രി മന്ത്രി എകെ ശശീന്ദ്രന്റെ സ്വകാര്യ സംഭാഷണം പുറത്തുവിട്ട്, മന്ത്രി രാജിവച്ചു, ചാനലിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം. പിണറായി മന്ത്രിസഭയിലെ എന്‍സിപി പ്രതിനിധിയായ ശശീന്ദ്രനും ഒരു സ്ത്രീയും തമ്മിലുള്ള അശ്ലീല ഫോണ്‍ സംഭാഷണമാണ് പുറത്തായത്. മാര്‍ച്ച് 26 ഞായറാഴ്ച സംപ്രേക്ഷണം ആരംഭിച്ച മംഗളം ചാനലാണ് മന്ത്രിയുടെ സംഭാഷണം പുറത്തുവിട്ടത്.
ബിഗ് ബ്രേക്കിംഗ് എന്ന പേരില്‍ നാടകീയമായി അശ്ലീല സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ചാനല്‍ അവതാരക പുറത്തുവിടുകയായിരുന്നു. ചെയ്തിരുന്നു. സ്ത്രീ മിഴിനീരല്ല എന്ന പേരില്‍ സ്ത്രീ സുരക്ഷയെ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയവര്‍ ഞെട്ടലോടെയാണ് മന്ത്രിയുടെ അശ്ലീല സംഭാഷണം കേട്ടിരുന്നത്. ഇത്തരമൊരു ചര്‍ച്ചയുടെ അന്തസിന് ചേരുന്ന കാര്യമല്ല മംഗളം ചെയ്തതെന്നുവരെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വിമര്‍ശിക്കുകയും ചെയ്തു.
വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷം മന്ത്രി രാജിവെയ്ക്കുകയും ചെയ്തു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്. കുറ്റസമ്മതത്തിന്റെ പേരിലല്ല, ധാര്‍മ്മികതയുടെ പേരിലാണ് താന്‍ രാജിവെയ്ക്കുന്നതെന്ന് ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെന്നും തനിക്ക് യാതൊരു അറിവും ഇല്ലാത്ത കാര്യങ്ങളാണ് പുറത്തുവന്നതെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു.
എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് തന്റെ മാത്രം തെറ്റാണെന്ന് എകെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒരാളുടെ സംഭാഷണം മാത്രം പ്രക്ഷേപണം ചെയ്തത് ശരിയല്ലെന്നും, വാര്‍ത്തയില്‍ പറയുന്ന സ്ത്രീയുടെ ഭാഗം ചാനല്‍ വെളിപ്പെടുത്തണമെന്നും സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പല മാധ്യമ പ്രവര്‍ത്തകരും വാര്‍ത്തയേയും അത് നല്‍കിഅയ് രീതിയേയും വിമര്‍ശിച്ച് രംഗത്തെത്തി.
മന്ത്രിയുടെ അധികാരമുപയോഗിച്ച് ലൈംഗിക ചൂഷണത്തിന് ശ്രമിച്ചാലെ കുറ്റമുള്ളുവെന്നും, എന്നാല്‍ ഇതൊരു ഉഭയസമ്മതത്തോടെയുള്ള സ്വകാര്യ സംഭാഷണമാണെങ്കില്‍ ഒരു തെറ്റുമില്ലെന്നുമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പലരും അഭിപ്രായം പറഞ്ഞത്. കോഴിക്കോട് എലത്തൂര്‍ നിന്നുള്ള എംഎല്‍എയായ എകെ ശശീന്ദ്രന്‍ പിണറായി മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ്. നേരത്തെ ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് വ്യവസായ മന്ത്രിയായിരുന്ന ഇപി ജയരാജന്‍ തത്സ്ഥാനം രാജിവെച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല