സ്വന്തം ലേഖകന്‍: വിമാനങ്ങളെ വട്ടംകറക്കി ദുബായ് വിമാനത്താവളത്തില്‍ കനത്ത ആലിപ്പഴ വീഴ്ച, സര്‍വീസുകള്‍ താളംതെറ്റി, കനത്ത മഴയില്‍ ഇതുവരെ 1447 റോഡ് അപകടങ്ങള്‍. ആലിപ്പഴ വീഴ്ചയും മോശം കാലാവസ്ഥയെയും ശക്തമായതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ താറുമാറായി. കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം വെള്ളിയാഴ്ച 15 വിമാന സര്‍വീസുകള്‍ വഴി തിരിച്ചുവിടുകയും നിരവധി സര്‍വീസുകള്‍ വൈകുകയും ചെയ്തതിനു പുറമേയാണ് ശനി, ഞായര്‍ ദിവസങ്ങളിലും സര്‍വീസുകള്‍ താളം തെറ്റിയത്.
ദുബായ് എയര്‍പോര്‍ട്ട് പരിസരത്തെ ആലിപ്പഴ വര്‍ഷം ദീര്‍ഘനേരം നീണ്ടുനിന്നു. തിങ്കളാഴ്‌ഴയും മഴ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാത്രി ആരംഭിച്ച മഴ ദുബായിലെ റോഡുകളില്‍ നിരവധി അപകടങ്ങള്‍ക്ക് കാരണമായി. ദുബായ് പോലീസിന്റെ കണക്കനുസരിച്ച് ഞായറാഴ്ച രാവിലെ വരെയായി 1447 റോഡപകടങ്ങളാണ് ഉണ്ടായത്. മഴയും അപകടങ്ങളും സംബന്ധിച്ച് ഈ ദിവസങ്ങളിലായി ദുബായ് പോലീസിന് ലഭിച്ചത് ഇരുപതിനായിരത്തിലേറെ ഫോണ്‍ വിളികളാണ്.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വണ്ടിയോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റോഡുകള്‍ വെള്ളക്കെട്ടിലായതിനാല്‍ ഗതാഗതം മന്ദഗതിയിലായി. റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് അധികൃതര്‍. സൗദി, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല