സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ കക്ഷിയായ യുകിപ്പില്‍ കലാപം, ഏക പാര്‍ലമെന്റംഗമായ ഡഗ്ലസ് കാര്‍സ്വെല്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ് ഡഗ്ലസിന്റെ രാജിക്കു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി പുറത്താക്കുന്നതിനു മുമ്പ് അദ്ദേഹം സ്വയം പുറത്തുപോകുകയായിരുന്നു എന്നാണ് യുകെഐപി വൃത്തങ്ങള്‍ നല്കുന്ന സൂചനയും.
കഴിഞ്ഞ തിരഞ്ഞടുപ്പില്‍ യുകെഐപിയ്ക്ക് ലഭിച്ച ഏക പാര്‍ലമെന്റംഗമായിരുന്നു ക്ലാക്റ്റണില്നിന്നുള്ള ഡഗ്ലസ് കാര്‍സ്വെല്‍. തിരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പാര്‍ട്ടിക്ക് ഏക ആശ്വാസമായിരുന്നു 3437 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഡഗ്ലസിന്റെ ജയം. പാര്‍ട്ടി സ്ഥാനാര്‍ഥിയായി നേടിയ എംപി സ്ഥാനംകൂടി രാജിവക്കാന്‍ ഡഗ്ലസിനുമേല് സമ്മര്‍ദ്ദമുണ്ടെങ്കിലും വേറെ പാര്‍ട്ടിയില്‍ ചേരാത്ത സാഹചര്യത്തില്‍ എംപി സ്ഥാനത്ത് തുടരുന്നതില്‍ ധാര്‍മിക പ്രശ്നങ്ങളില്ലെന്നും പാര്‍ലമെന്റില്‍ സ്വതന്ത്ര അംഗമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയും പാര്‍ട്ടിയ്ക്കെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഡഗ്ലസ് സ്ഥാനമൊഴിയുന്നതാണ് നല്ലതെന്ന് കഴിഞ്ഞദിവസം പാര്‍ട്ടിയുടെ പരമോന്നത നേതാവായ നൈജല്‍ ഫെറാജ് പറഞ്ഞിരുന്നു. തള്ളിയിടുന്നതിനു മുമ്പേ എടുത്തുചാടുകയായിരുന്നു അദ്ദേഹം എന്നായിരുന്നു ഡഗ്ലസിന്റെ തീരുമാനം അറിഞ്ഞശേഷമുള്ള ഫെറാജിന്റെ പ്രതികരണം. യുകെഐപിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്ക്കനുസരിച്ചല്ല അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതെന്ന് പാര്‍ട്ടി ചെയര്മാന് പോള്‍ നട്ടലും രാജിവാര്‍ത്തയോട് പ്രതികരിച്ചു.
മാര്‍ച്ച് 29 ന് ബ്രെക്സിറ്റ് പ്രക്രിയ ഔദ്യോഗികമായി ആരംഭിക്കാനിരിക്കെ യുകിപ്പ് പാര്‍ട്ടി സ്ഥാപകനായ നൈജല്‍ ഫരാഷുമായി ഉടക്കി ഡഗ്ലസ് പാര്‍ട്ടിക്കു പുറത്തുപോയത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും. രാജ്യം യൂറോപ്യന്‍ യൂണിയന് വിടുമെന്ന കാര്യം ഉറപ്പായതിനാലാണ് പാര്‍ട്ടി വിടുന്നതെന്നും രാജി തീരുമാനം അറിയിച്ചുകൊണ്ട് ഡഗ്ലസ് പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗമായിരുന്ന കാര്‍സ്വെല്‍ 2014 ലാണ് യുകെഐപിയില്‍ ചേര്‍ന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല