സ്വന്തം ലേഖകന്‍: കോട്ടയം സ്വദേശിക്കു നേരെയുണ്ടായ വംശീയ ആക്രമണം, ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍ ഖേദം പ്രകടിപ്പിച്ചു. മലയാളിയായ ടാക്‌സി ഡ്രൈവര്‍ ലീമാക്‌സ് ജോയിക്കെതിരെ നടന്ന വംശീയാക്രമണത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് വ്യക്തമാക്കിയത്. ആക്രമണത്തില്‍ നേരിയ ലീമാക്‌സിന് പരുക്കേറ്റതായി മനസിലാക്കുന്നുവെന്നും ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യന്‍ സമൂഹമടക്കം ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന എല്ലാവരുടെയും സുരക്ഷയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ആക്രമണം ടാസ്മാനിയ പോലീസ് അന്വേഷിച്ചു വരികയാണ്. എല്ലാ ആക്രമണങ്ങളെയും ഗൗരവത്തോടെയാണ് കാണുന്നത്. ആക്രമണത്തിന് പിന്നില്‍ വംശവെറി കാരണമായിട്ടുണ്ടോയെന്ന് പ്രത്യേകം അന്വേഷിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം നടന്നത് വംശീയ ആക്രമണം തന്നെയാണെന്ന് ലീമാക്‌സ് സ്ഥിരീകരിച്ചു. തന്നെ വംശീയമായി അധിക്ഷേപിച്ച അക്രമികള്‍ കാരണം കൂടാതെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ലീമാക്‌സ് പറഞ്ഞു. ദൃക്‌സാക്ഷികള്‍ ആരും ഇടപെടാന്‍ തയ്യാറായില്ലെന്നും ലീമാക്‌സ് കൂട്ടിച്ചേര്‍ത്തു. കോട്ടയം മീനടം സ്വദേശിയാണ് ലീമാക്‌സ്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ടാസ്മാനിയ സംസ്ഥാനത്തുള്ള ഹൊബാര്‍ട്ടിലെ ഭക്ഷണശാലയില്‍ വെച്ചാണ് ആക്രമണമുണ്ടായത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി മക് ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റില്‍ കയറിയപ്പോഴായിരുന്നു സംഭവം.ഈ സമയത്ത് കൗണ്ടറില്‍ നാല് യുവാക്കളും ഒരു യുവതിയുമടങ്ങുന്ന സംഘം വാഗ്വാദത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീയും പുരുഷനും കടയില്‍ നിന്നിറങ്ങി കാറിലേക്ക് കയറി.
ഈ സമയം കടയില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ നിങ്ങള്‍ ഇന്ത്യക്കാരനല്ലേ എന്ന് ചോദിച്ച് മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് ലീ പറയുന്നു. മര്‍ദനത്തിന് ശേഷം സംഘം കാറില്‍ കയറി രക്ഷപ്പെട്ടു. വംശീയ ആക്രമണമാണെന്ന് കാട്ടി ലീ ടാസ്മാനിയന്‍ പോലീസില്‍ പരാതി നല്‍കി. ഏഴ് വര്‍ഷമായി ഹൊബാര്‍ട്ടില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയാണ് ലീ.
ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്കെതിരെ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ആഴ്ച മെല്‍ബണില്‍ പള്ളിയില്‍ നടന്ന ആക്രമണത്തില്‍ മലയാളി വൈദികന്‍ ഫാ. ടോമി കളത്തൂരിന് കുത്തേറ്റിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല