സ്വന്തം ലേഖകന്‍: ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവ് കൂടുതല്‍ കുരുക്കിലേക്ക്, അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. വ്യാജരേഖകള്‍ ചമച്ച് കോടതിയെ വഞ്ചിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയത്. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.
ജയയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന ജെ. കൃഷ്ണമൂര്‍ത്തി എന്ന യുവാവിനെതിരെയാണ് കോടതി ഉത്തരവ്. ഇയാള്‍ വസന്തമണി എന്ന സ്ത്രീയുടെ മകനാണെന്നും ജയലളിതയുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ട്. ജയലളിതയുടെ മകനാണെന്ന് സ്ഥാപിക്കാന്‍ ഇയാള്‍ ഹാജരാക്കിയ രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
ഇതേ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് ആര്. മഹാദേവന് ഉത്തരവിട്ടത്. മാര്‍ച്ച് 17ന് കോടതി ഇയാള്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരുന്നു. കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ ജയിലിലടയ്ക്കുമെന്നായിരുന്നു അന്ന് ജസ്റ്റിസ് മഹാദേവന് നല്കിയ മുന്നറിയിപ്പ്. പോലീസ് കമ്മീഷണറുടെ മുമ്പാകെ ഹാജരാകാനും ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ജയലളിതയുടെ രഹസ്യ പുത്രനാണെന്ന് അവകാശപ്പെട്ട് കഴിഞ്ഞ മാസമാണ് കൃഷ്ണമൂര്‍ത്തി രംഗത്തെത്തിയത്. ജയയുടെയും നടന് ശോഭന്‍ ബാബുവിന്റെയും മകനാണ് താനെന്നും ജയയുടെ പേരിലുള്ള സ്വത്തുക്കള്‍ തന്റെ പേരിലേക്ക് മാറ്റണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. 1985ല്‍ ജനിച്ച തന്നെ ഈറോഡ് സ്വദേശിയായ വസന്തമണിക്ക് ദത്ത് നല്‍കിയതാണെന്നും കൃഷ്ണമൂര്‍ത്തി അവകാശപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല