സ്വന്തം ലേഖകന്‍: ഡെബ്ബീ ചുഴലിക്കാറ്റിന്റെ താണ്ഡവത്തില്‍ വിറച്ച് ഓസ്‌ട്രേലിയ, 3500 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു, കനത്ത നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്. ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളെ വടക്കുകിഴക്കന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചു. കാറ്റ് ശക്തിയാര്‍ജിക്കുന്നതായും വലിയ നാശനഷ്ടം വിതച്ചതായും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ക്യൂന്‍സ്‌ലന്‍ഡില്‍ രൂപംകൊണ്ട, കാറ്റഗറി 4 ഇനത്തില്‍പ്പെടുന്ന ഡെബ്ബീ ചുഴലിക്കാറ്റാണ് മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തില്‍ വടക്കുകിഴക്കന്‍ ഓസ്‌ട്രേലിയയുടെ തീരത്ത് വീശിയടിക്കുന്നത്. ഹോംഹില്‍, പ്രോസ്രിപിന്‍ എന്നീ നഗരങ്ങളില്‍ നിന്നാണ് 3500 ഓളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.
ആളുകള്‍ക്ക് അടിയന്തര സഹായങ്ങള്‍ എത്തിച്ചുകൊണ്ട് സൈന്യം രംഗത്തുണ്ടെന്ന് സൈനിക മേധാവി മാര്‍ക്ക് ബിന്‍സ്‌കിന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ തുടങ്ങിയ ഡെബ്ബിയുടെ താണ്ഡവം ശക്തമായ മഴക്കും മണ്ണിടിച്ചിലിനും കാരണമായിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ക്വീന്‍സ്‌ലന്‍ഡിലെ 102 സ്‌കൂളുകള്‍ക്കും 81 നഴ്‌സറി സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
മേഖലയിലെ രണ്ട് തുറമുഖങ്ങള്‍ അടച്ചു. ടൗണ്‍സ്‌വില്ലെ, മാക്കേ വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. കാറ്റിനെ നേരിടാന്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഭക്ഷ്യവസ്തുക്കളും മറ്റും ആവശ്യത്തിന് സംഭരിക്കുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു ജനങ്ങള്‍. മിക്ക കടകളും ഇതിനകം തന്നെ കാലിയായതായാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല