സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് ഭീകരാക്രമണം, ആക്രമണം നടത്തിയത് ഖാലിദ് മസൂദ് തനിച്ചെന്ന് സ്ഥിരീകരണം, പരിഭ്രാന്തി പരത്തിയ 82 സെക്കന്‍ഡുകള്‍. ബ്രിട്ടീഷ് പാര്‍ലമെന്റിനു സമീപം ആക്രമണം നടത്തിയത് ഖാലിദ് മസൂദ് തനിച്ചാണെന്ന് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പൊലീസ് വ്യക്തമാക്കി. അതേസമയം, ആക്രമണത്തിന്റെ ലക്ഷ്യമെന്തെന്ന് കണ്ടെത്താനായില്ല. നേരത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐഎസ് ഖാലിദ് തങ്ങളുടെ സൈനികനാണെന്ന് പ്രഖ്യാപിച്ചിരുന്നു.
ഖാലിദ് മസൂദിന് ഐഎസ്, അല്‍ ക്വയ്ദ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമില്ലെന്ന നിലപാടിലാണ് പോലീസ്. ഭീകര സംഘടനകളുമായി മസൂദിന് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നുമില്ലെന്ന് ന്യൂ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു പറഞ്ഞു.
ബുധനാഴ്ച നടന്ന 82 സെക്കന്‍ഡ് ഭീര്‍ഘിച്ച ആക്രമണത്തില്‍ അക്രമി ഉള്‍പ്പെടെ പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 12 പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അതിനിടെ ഭീകരാക്രമണത്തില്‍ ഖാലിദ് മസൂദിനു പിന്തുണ നല്‍കിയെന്നു സംശയിക്കുന്ന മുപ്പതുകാരനെ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ബിര്‍മിങ്ഹാമില്‍ അറസ്റ്റു ചെയ്തു.
ഈ മാസം 24ന് അറസ്റ്റ് ചെയ്ത യുവതിക്കും ജാമ്യം നല്‍കിയിരുന്നു. ആക്രമണത്തിനു തൊട്ടുമുന്‍പ് ഖാലിദ് മസൂദ് അയച്ച വാട്‌സാപ് സന്ദേശത്തിന്റെ ഉള്ളടക്കം മനസ്സിലാക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇതിനായി വാട്‌സാപിന്റെ സഹായം തേടിയിട്ടുണ്ട്. വാട്‌സാപ്പും മറ്റു സമൂഹ മാധ്യമങ്ങളും ഇത്തരം വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികളുമായി പങ്കുവയ്ക്കണമെന്ന് ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി അംബെര്‍ റുഡ് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല