സ്വന്തം ലേഖകന്‍: എകെ ശശീന്ദ്രന്റെ സ്വകാര്യ സംഭാഷണം ചാനല്‍ പുറത്തുവിട്ട സംഭവം, സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു, ഹണിട്രാപ്പില്‍ കുടുക്കിയതാണെന്ന് സംശയം. സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് ഗതാഗത മന്ത്രിസ്ഥാനം രാജിവച്ച എ.കെ. ശശീന്ദ്രനെ സ്ത്രീകളെ ഉപയോഗിച്ച് വ്യക്തികളെ കുടുക്കുന്ന ഹണി ട്രാപ്പില്പ്പെടുത്തിയതാണോ എന്ന സംശയവും ബലപ്പെടുകയാണ്.
ഇത്തരത്തിലുള്ള ഗൂഢാലോചന ഉള്‍പ്പെടെ ജുഡീഷ്യന്‍ അന്വേഷണ പരിധിയില്‍ വരുന്ന വിഷയങ്ങള്‍ മന്ത്രിസഭ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ആരോപണത്തില്‍ കഴമ്പുണ്ടോ എന്നു പരിശോധിച്ചതിനുശേഷം മാത്രം രാജിക്കാര്യത്തില്‍ ശശീന്ദ്രന് നിലപാട് സ്വീകരിച്ചാല്‍ മതിയായിരുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് എകെ ശശീന്ദ്രന് രാജിവെച്ചത് അദ്ദേഹത്തിനെതിരായ ആക്ഷേപം ശരിവെച്ചുകൊണ്ടോ കുറ്റം ഏറ്റെടുത്തുകൊണ്ടോ അല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഫോണ്‍ ചോര്‍ത്തുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും അക്കാര്യം പ്രത്യേകം പരിശോധിക്കുമെന്നും വ്യക്തമാക്കി. പ്രാഥമിക അന്വേഷണം പോലും ഇല്ലാതെ രാജിവെക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് പ്രോത്സാഹനമാകുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.
മന്ത്രിയുടെ രാജിക്കും ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനത്തിനും ശേഷവും പരാതിക്കാരാരും രംഗത്തെത്തിയിട്ടില്ല. ഗോവയില്‍ നിന്നാണ് ശശീന്ദ്രന് സംസാരിക്കുന്നതെന്ന സൂചനകളാണ് ടേപ്പിലുള്ളത്. മന്ത്രിയായിരിക്കെ രണ്ട് തവണ ശശീന്ദ്രന് ഗോവ സന്ദര്‍ശിച്ചിരുന്നത്. ഓണക്കാലത്ത് മലയാളി അസോസിയേഷന്റെ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ആദ്യ യാത്ര.
അതിനിടെ എ.കെ.ശശീന്ദ്രന് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. തനിക്കെതിരായ ആരോപണം അസ്വാഭാവികമാണെന്ന് അദ്ദേഹം പിണറായിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസ്ഥാനമല്ല, നിരപരാധിത്വം തെളിയിക്കലാണ് പ്രധാനം. രാജിവച്ചത് നല്ല കീഴ്!വഴക്കം സൃഷ്ടിക്കുന്നതിനാണെന്നും മുഖ്യമന്ത്രിയെ കണ്ടതിനുശേഷം പുറത്തെത്തിയ ശശീന്ദ്രന് മാധ്യമങ്ങളോടു പറഞ്ഞു.
മന്ത്രിയുടേത് എന്ന പേരില്‍ ഒരു സ്ത്രീയുമായുള്ള സ്വകാര്യ ടെലിഫോണ്‍ സംഭാഷണം ഒരു ടിവി ചാനല്‍ ഇന്നലെ രാവിലെ പുറത്തുവിട്ടിരുന്നു. എട്ടു മിനിറ്റ് നീളുന്ന ഫോണ്‍ സംഭാഷണം കണ്ണൂര്‍ സ്വദേശിയായ വിധവയോടുള്ളതാണെന്നാണ് ചാനല്‍ വെളിപ്പെടുത്തിയത്. സംഭാഷണത്തില്‍ ഉടനീളം പുരുഷ ശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളൂ. അതേസമയം അശ്ലീല സംഭാഷണം പുറത്തുവിട്ട ചാനലിനെതിരേയും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല