സ്വന്തം ലേഖകന്‍: പാക്ക് പൗരനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരായ 10 പ്രതികള്‍ക്ക് പാക്ക് കുടുംബം മാപ്പുനല്‍കി, രക്ഷപ്പെട്ടത് തൂക്കുകയറില്‍ നിന്ന്. രണ്ടുലക്ഷം ദിര്‍ഹം വരുന്ന രക്തപ്പണം സ്വീകരിച്ചുകൊണ്ടാണ് മാപ്പു നല്‍കിയത്. മൊഹമ്മദ് ഫര്‍ഹാന്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ മൊഹമ്മദ് റിയാസ് എന്നയാളാണ് നഷ്ടപരിഹാരം സ്വീകരിച്ച് ഒരു യുവതിയും കുട്ടിയും ഉള്‍പ്പെടെയുള്ള 10 പ്രതികളെ തൂക്കുമരത്തില്‍ നിന്നും രക്ഷപ്പെടുത്തിയതെന്ന് പാക്ക് പത്രമായ എക്‌സ്പ്രസ് ട്രൈബൂണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ശരിയത്ത് നിയമം അനുസരിച്ച് ‘ചോരപ്പണം’ കൈപ്പറ്റി ഇരയുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതികളുടെ വധശിക്ഷ ഒഴിവാക്കാറുണ്ട്. 2015 ല്‍ അബുദാബിയില്‍ നടന്ന സംഭവത്തില്‍ നഷ്ടപരിഹാരം സ്വീകരിക്കാമെന്ന് പിതാവിന്റെ അപേക്ഷ യുഎഇ കോടതി പരിഗണിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മൊഹമ്മദ് റിയാസും കുടുംബവും ഉടന്‍ യുഎഇയില്‍ എത്തുമെന്നും കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നുമാണ് വിവരം.
ഷരിയ കോടതിയുടെ നിയമം അനുസരിച്ച് കുറ്റവാളിയുമായി രമ്യതയില്‍ എത്തിയാല്‍ ഇരയുടെ കുടുംബത്തിന് വധശിക്ഷയ്‌ക്കെതിരേ അപ്പീല്‍ നല്‍കാനാകും. ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ തലവനായ എസ്പി സിംഗ് ഒബറോയി എന്ന ദുബായിലെ ഒരു ഇന്ത്യന്‍ ബിസിനസുകാരനാണ് നഷ്ടപരിഹാരം നല്‍കുന്നത്. റിയാസിനും കുടുംബത്തിനും താമസവും വിസയുമെല്ലാം തയ്യാറാക്കി യുഎഇ യിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ഒബറോയി വ്യക്തമാക്കി. മതമോ പൗരത്വമോ പരിഗണിക്കാതെ പുരുഷന് രണ്ടു ലക്ഷം ദിര്‍ഹവും സ്ത്രീകള്‍ക്ക് അതിന്റെ പകുതിയുമാണ് നല്‍കുക.
നിര്‍ഭാഗ്യവശാല്‍ തന്റെ മകനെ തനിക്ക് നഷ്ടമായി. ഇനി അവന്‍ തിരിച്ചു വരികില്ല. എന്നാല്‍ പത്തുപേര്‍ക്കും താന്‍ മാപ്പു നല്‍കുകയാണ്. ഇനി അള്ളാഹു അവരെ രക്ഷിക്കട്ടെയെന്ന് റിയാസ് പറയുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇന്ത്യാക്കാര്‍ പാക് യുവാവിനെ കൊന്നത്. കേസ് കോടതി ഏപ്രില്‍ 12 ലേക്കു നീട്ടിവച്ചിരുക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല