സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും ചെലവേറിയ വീടിന്റെ വിശേഷങ്ങള്‍, യുഎസിലെ ലോസ് ഏഞ്ചല്‍സില്‍ നിന്നും. ആഡംബരത്തിന് പുതിയ മാനങ്ങള്‍ നല്‍കുകയാണ് യുഎസിലെ ലോസ്ഏഞ്ചല്‍സിലെ ബെല്‍ എയറിലെ ഈ സ്വപ്‌ന സൗധം. റിയല്‍ എസ്റ്റേറ്റ് രാജാവായ ബ്രൂസ് മകോസ്‌കിയുടെ കൈവശമുള്ള പ്രൗഡിയും നൂതന രീതിയിലുളള രൂപകല്പനയും വാസ്തുവിദ്യയും സമന്വയിച്ച ഈ കൊട്ടാരം വില്‍പനയ്ക്ക് വച്ചിരിക്കുകയാണിപ്പോള്‍.
വില 250 ദശലക്ഷം ഡോളര്‍. അതായത് 1626 കോടി ഇന്ത്യന്‍ രൂപ. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റേതിലും ആഢംബര സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സാന്റാ മോണിക്ക മലനിരകളുടെ താഴ്‌വാരത്തായി 924 ബെല്‍ എയര്‍ റോഡിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
വീടിന്റെ മുകളിലെ നിലയില്‍ ഹെലികോപ്റ്റര്‍ പാഡ്, അത്യാധുനിക സിനിമ തീയറ്റര്‍, ഇറ്റാലിയന്‍ ഗ്ലാസ് കൊണ്ട് നിര്‍മിച്ച സ്വിമ്മിങ്ങ് പൂള്‍, വിശ്രമിക്കാനായി നിരവധി ലോഞ്ചുകള്‍, ഗെയിം ഏരിയകള്‍, 12 സ്യൂട്ട് ബെഡ്‌റൂമുകള്‍, 21 ബാത്ത്‌റൂം, അഞ്ച് ബാറുകള്‍, മൂന്ന് അടുക്കള തുടങ്ങിയവയാണ് 38,000 ചതുരശ്ര അടിയുളള ഈ സൗധത്തിലുളളത്.
ഇത് കൂടാതെ ഹെലികോപ്റ്റര്‍, സൂപ്പര്‍ കാറുകളുടെയും ബൈക്കുകളുടെയും ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 1600 കോടി മുടക്കി ആരും മോഹിച്ചു പോകുന്ന ഈ സ്വപ്‌നസൗധം സ്വന്തമാക്കാന്‍ വരുന്ന ഭാഗ്യവാനായ ഉടമ ആരെന്ന കൗതുകത്തിലാണ് മാധ്യമങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല