1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2017

 

സ്വന്തം ലേഖകന്‍: റഫറിയെ അസഭ്യം പറഞ്ഞ ലയണല്‍ മെസ്സിക്ക് നാലു മത്സരങ്ങളില്‍നിന്ന് വിലക്ക്, ലോകകപ്പ് യോഗ്യതാ മത്സരങ്ങരങ്ങളില്‍ അര്‍ജന്റീനക്ക് തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന ചിലെയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെ അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനാണ് മെസ്സിയെ വിലക്കാന്‍ ഫിഫ തീരുമാനിച്ചത്. വിലക്കിനു പുറമെ ആറര ലക്ഷത്തോളം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മല്‍സരത്തില്‍ മെസ്സി പെനല്‍റ്റിയില്‍നിന്ന് നേടിയ ഗോളില്‍ അര്‍ജന്റീന വിജയിച്ചിരുന്നു.

2018 ലോകകപ്പിന് ഇനിയും യോഗ്യത ഉറപ്പാക്കിയിട്ടില്ലാത്ത അര്‍ജന്റീനയ്ക്ക് മെസ്സിയുടെ വിലക്ക് തിരിച്ചടിയാകും. ചിലെയ്‌ക്കെതിരായ മല്‍സരത്തിനിടെ അസിസ്റ്റന്റ് റഫറി മെസ്സിക്കെതിരെ ഫൗള്‍ വിളിച്ചപ്പോഴാണ് അദ്ദേഹം രോഷാകുലനായത്. റഫറിക്കെതിരെ കൈകളുയര്‍ത്തി സംസാരിച്ച മെസ്സി, അദ്ദേഹത്തെ ചീത്തവിളിക്കുന്നതും മല്‍സരത്തിന്റെ വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഫിഫയുടെ വിലക്ക് പ്രാബല്യത്തിലായതോടെ ബുധനാഴ്ച പുലര്‍ച്ചെ നടക്കുന്ന ബൊളീവിയയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരം മെസ്സിക്കു നഷ്ടമാകും.

അതേസമയം, 2018ല്‍ റഷ്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിന് ഇതുവരെ യോഗ്യത ഉറപ്പിക്കാനാകാതെ ഉഴറുന്ന അര്‍ജന്റീനയ്ക്ക് മെസ്സിയുടെ വിലക്ക് തിരിച്ചടിയാകും. ലോകകപ്പ് യോഗ്യതയ്ക്ക് ഇനി അഞ്ചു മല്‍സരങ്ങള്‍ മാത്രം അവശേഷിക്കെ അതില്‍ ഭൂരിഭാഗം മല്‍സരങ്ങളിലും മെസ്സിക്കു കളിക്കാനാകാത്തത് അര്‍ജന്റീനയുടെ സാധ്യതകളെ പോലും ബാധിക്കും. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മോശം പ്രകടനവുമായി പിന്നോക്കം പോയ അര്‍ജന്റീന, കഴിഞ്ഞ മല്‍സരത്തില്‍ ചിലെയ്‌ക്കെതിരെ നേടിയ വിജയത്തോടെ ഗ്രൂപ്പിലെ ആദ്യ നാലു ടീമുകളിലൊന്നായി മാറിയിരുന്നു.

ഗ്രൂപ്പില്‍ മുന്നിലെത്തുന്ന ആദ്യ നാലു ടീമുകള്‍ക്കാണ് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കുക. അഞ്ചാമതെത്തുന്ന ടീമിന് പ്ലേ ഓഫ് കളിക്കാന്‍ അവസരമുണ്ട്. യോഗ്യതാ റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന ബ്രസീല്‍ മാത്രമാണ് ലാറ്റിനമേരിക്കയില്‍നിന്ന് ഏതാണ്ട് യോഗ്യത ഉറപ്പാക്കിയിട്ടുള്ള ഒരേയൊരു ടീം. 13 മല്‍സരങ്ങളില്‍നിന്ന് ഒന്‍പതു ജയവും മൂന്നു സമനിലയും ഒരു തോല്‍വിയുമടക്കം ബ്രസീലിന് 30 പോയിന്റുണ്ട്.

രണ്ടാം സ്ഥാനത്തുള്ള യുറഗ്വായ്ക്ക് 13 മല്‍സരങ്ങളില്‍നിന്ന് 23 പോയിന്റാണുള്ളത്. 22 പോയിന്റുമായി ഇവര്‍ക്കും പിന്നില്‍ മൂന്നാമതായിരുന്നു അര്‍ജന്റീന. കൊളംബിയ (21), ഇക്വഡോര്‍ (20), ചിലെ (20) എന്നീ ടീമുകളുമായി നേരിയ മുന്‍തൂക്കമുണ്ടായിരുന്ന അര്‍ജന്റീനയ്ക്ക് ഇനിയുള്ള ഓരോ ഗ്രൂപ്പ് മല്‍സരങ്ങളും നിര്‍ണായകമാണ്.

അതിനിടെ മെസിയില്ലാതെ മത്സരിക്കാനിറങ്ങിയ അര്‍ജന്റീനയെ ബൊളീവിയ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് തോല്‍പ്പിച്ചു. തോല്‍വിയോടെ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അര്‍ജന്റീന നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.മറ്റുടീമുകളുടെ മത്സരഫലങ്ങളെ കൂടീ ആശ്രയിച്ചായിരിക്കും ഇനി അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യതകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.